ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര പരമ്പര വിജയത്തില്‍ ഇന്ത്യന്‍ നിരയില്‍ മിന്നി തിളങ്ങിയ താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ താരത്തിനു കേന്ദ്ര കരാര്‍ നല്‍കിയപ്പോള്‍ ഗ്രേഡ് എ കരാര്‍ മാത്രമാണ് നല്‍കിയത്. എന്നാല്‍ ഇത് പോരെന്നും ഗ്രേഡ് എ+ കരാറിനു താരം അര്‍ഹമാണെന്നുമുള്ള ചര്‍ച്ച കൊഴുക്കുമ്പോളാണ് മുന്‍ ബിസിസി സെക്രട്ടറി നിരഞ്ജന്‍ ഷാ ഈ തീരുമാനം നിരാശയുളവാക്കുന്നതെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുജാര കളിക്കുന്ന സൗരാഷ്ട്രയുടെ മുന്‍ സെക്രട്ടറി കൂടിയായ നിരഞ്ജന്‍ ഷാ പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ അവഗണിക്കുന്ന സമീപനമാണ് സിഒഎ കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. പുജാര എ+ കരാര്‍ അര്‍ഹിക്കുന്നുവെന്നും സിഒഎ ക്രിക്കറ്റിനെ നശിപ്പിക്കുവാനാണോ മുതിരുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും നിരഞ്ജന്‍ ഷാ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയില്‍ മറ്റു താരങ്ങളാരും 350ല്‍ അധികം റണ്‍സ് നേടാതിരുന്നപ്പോള്‍ പുജാര മാത്രം 521 റണ്‍സാണ് മൂന്ന് ശതകം ഉള്‍പ്പെടെ നേടിയത്. ഈ പ്രകടനം ഒന്ന് തന്നെ പുജാരയ്ക്ക് എ+ കരാര്‍ നല്‍കുവാന്‍ പോന്നതാണെന്നാണ് നിരഞ്ജന്‍ ഷായുടെ അഭിപ്രായം. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
മൂന്ന് ഫോര്‍മാറ്റുകളിലും കളിയ്ക്കുന്ന താരങ്ങള്‍ക്ക് മാത്രമോ അല്ലെങ്കില്‍ ആദ്യ പത്ത് റാങ്കിലോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ കരാര്‍ നല്‍കുന്നതെന്നുമാണ് ബിസിസിഐ അധികാരികളുടെ വിശദീകരണം. രോഹിത് ശര്‍മ്മ പരിമിത ഓവര്‍ക്രിക്കറ്റില്‍ സജീവമാണെങ്കിലും താരം ടെസ്റ്റില്‍ സ്ഥിരം സാന്നിദ്ധ്യമല്ല. പക്ഷേ ഏകദിനത്തില്‍ ആദ്യ പത്ത് റാങ്കിലുള്ള താരം അതിനാല്‍ തന്നെ എ+ ഗ്രേഡ് കരാര്‍ ലഭിക്കുവാന്‍ അര്‍ഹനാണെന്നാണ് ബിസിസിഐയുടെ വിശദീകരണം. കോഹ്‍ലിയും ജസ്പ്രീത് ബുംറയുമാണ് രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ ഗ്രേഡ് എ+ കരാര്‍ ഉള്ള താരങ്ങള്‍.