രാജസ്ഥാന് റോയൽസിന്റെ ഫൈനലിലെ പരാജയത്തിന് കാരണം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് രാജസ്ഥാന്റെ തോല്‍വിയ്ക്ക് ശേഷം ഉയര്‍ന്ന പ്രതികരണം. ടോസ് നേടി ഐപിഎലില്‍ ഭൂരിഭാഗം ടീമുകളും ബൗളിംഗ് തിരഞ്ഞെടുത്തപ്പോളും സഞ്ജുവിന് ഐപിഎലില്‍ ലഭിച്ച ടോസുകളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്.
എതിര്‍ ടീമുകള്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനും സംഘത്തിനും ആദ്യം ബാറ്റ് ചെയ്യേണ്ട സാഹചര്യം വന്നതാണ് ടൂര്‍ണ്ണമെന്റിൽ കൂടുതലായി കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് ഐപിഎലില്‍ ഒരു ടീം പോലും രാജസ്ഥാന്‍ വിജയിച്ചത്രയും മത്സരങ്ങളില്‍ ഈ സീസണിൽ വിജയിച്ചിട്ടില്ല.
തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ അടിച്ച് കൂട്ടുന്ന റൺസ് തന്റെ ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കുവാനാകും എന്ന വിശ്വാസം തന്നെയാണ് സഞ്ജുവിനെക്കൊണ്ട് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. അതിൽ സഞ്ജുവിനെ കുറ്റം പറയേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആണ് ക്രിക്കറ്റ് നിരീക്ഷകന്‍ എന്ന നിലയിൽ എന്റെ അഭിപ്രായം.
ഫൈനൽ പോലൊരു അതീവ സമ്മര്‍ദ്ദ മത്സരത്തിൽ ഇതിന് മുമ്പും ഐപിഎലില്‍ പല ടീമുകളും ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട് (അതിന് മുമ്പ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുന്ന കീഴ്വഴക്കം നിലനില്‍ക്കുമ്പോളും). തന്റെ ടീം ഈ ടൂര്‍ണ്ണമെന്റിൽ ഏറ്റവും അധികം വിജയരകമായി ചെയ്ത ഒരു കാര്യം ഫൈനലിലും താരം ആവര്‍ത്തിച്ചപ്പോള്‍ അത് സഞ്ജു ഒറ്റയ്ക്കെടുത്ത തീരുമാനം അല്ല. അദ്ദേഹത്തെ ഈ ടൂര്‍ണ്ണമെന്റിലുടനീളം സഹായിച്ച ക്രിക്കറ്റിലെ പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന ടീം മാനേജ്മെന്റിന്റെ പിന്തുണയോടെയുള്ള ഒരു തീരമാനമായിരുന്നു അത്.
ആ തീരുമാനത്തിന് സഞ്ജുവിനെ പഴിക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് മികച്ച സ്കോറിലേക്ക് നയിക്കുവാന്‍ രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയപ്പോള്‍ അതിൽ വിക്കറ്റ് വലിച്ചെറിഞ്ഞ സഞ്ജുവിനെ പഴിക്കാവുന്നതാണ്. ജോസ് ബട്‍ലര്‍ക്ക് മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ മികച്ച സ്കോര്‍ രാജസ്ഥാന് നേടാനാകുമായിരുന്നു. രാജസ്ഥാന്റെ മധ്യ നിരയിൽ നിന്ന് ടൂര്‍ണ്ണമെന്റിലുടനീളം റൺസ് വന്നില്ല എന്നത് പരിഗണിക്കുമ്പോള്‍ സഞ്ജു അല്പം കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യണമെന്നായിരുന്നു.
അടുത്ത സീസണിൽ ആരാധകര്‍ക്ക് സന്തോഷം നൽകുന്ന പ്രകടനം സഞ്ജുവിൽ നിന്നും രാജസ്ഥാന്‍ കുടുംബത്തിൽ നിന്നും ഉണ്ടാകുമെന്ന് നമുക്ക് ഏവര്‍ക്കും പ്രതീക്ഷിക്കാം.