ഡിയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് പല വിദേശ ഓഫറുകളും നിരസിച്ച് കൊണ്ട്

അർജന്റീനൻ സ്ട്രൈക്കർ പെരേര ഡിയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരും എന്ന് ഉറപ്പായിരിക്കുകയാ‌ണ്. കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം ആണ് ഡിയസിനെ ക്ലബിലേക്ക് തിരികെ എത്തിക്കുന്നത്. ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ ഉണ്ടായിട്ടും താരം അതൊക്കെ നിരസിച്ച് കേരളത്തിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരിക. ഇനി ഡിയസ് ബ്ലാസ്റ്റേഴ്സിന്റെ മാത്രം താരമാകും. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.

ഗോളുകളുടെ എണ്ണത്തെക്കാൾ വലുതാണ് ഡിയസിന്റെ ടീമിനായുള്ള സംഭാവന. അദ്ദേഹത്തിന്റെ വർക്ക്റേറ്റും ടീമിനോടുള്ള ആത്മാർത്ഥതയും ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ നിർണായകമായിരുന്നു. ഡിയസ് കളിക്കാത്ത മത്സരങ്ങളിൽ കേരളം പതറുന്നതും നമ്മൾ കഴിഞ്ഞ സീസണിൽ കണ്ടിരുന്നു. ഡിയസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും വലിയ സന്തോഷം നൽകും.