ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ അപരാജിത കുതിപ്പ് തുടർന്നു. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എഫ്സി ഗോവയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു വിട്ട മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും തിരിച്ചെത്തി. ഇതോടെ അവസാന നാല് മത്സരങ്ങളിൽ നിന്നും മുംബൈ അടിച്ചു കൂട്ടിയ ഗോളുകളുടെ എണ്ണം പതിനേഴായി. ഒരു മത്സരം കുറച്ചു കളിച്ച ഹൈദരാബാദിനേക്കാൾ അഞ്ച് പോയിന്റ് ലീഡ് ആണ് ടേബിൾ തലപ്പത്ത് മുംബൈക്ക് നിലവിൽ ഉള്ളത്. ഗോവ ആറാം സ്ഥാനത്താണ്. ഇരട്ട ഗോളുമായി പേരെര ഡിയാസ് പതിവ് പോലെ മുംബൈക്ക് വേണ്ടി തിളങ്ങി.
മുംബൈ തന്നെയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. മധ്യനിരയിൽ നിന്നും ഭേക്കെ റാഞ്ചിയെടുത്ത ബോൾ ഗ്രെഗ് സ്റ്റുവാർട്ടിലൂടെ പെരേര ഡിയാസിൽ എത്തിയപ്പോൾ താരം മികച്ചൊരു ഫിനിഷിങിലൂടെ സ്‌കോർ ബോർഡ് തുറന്നു. പതിനാറാം മിനിറ്റിലാണ് ആദ്യ ഗോൾ എത്തിയത്. അഞ്ച് മിനിറ്റുകൾക് ശേഷം ഗോവയുടെ സമനില ഗോൾ എത്തി. ഗ്വാറോറ്റെനയാണ് സന്ദർശകർക്ക് വേണ്ടി വല കുലുക്കിയത്. താരം ബോക്സിന് പുറത്തു നിന്നും തൊടുത്ത ഷോട്ട് കീപ്പരുടെ കൈകളിൽ നിന്നും വഴുതുകയായിരുന്നു.
നാല്പത്തിരണ്ടാം മിനിറ്റിൽ ഗോവ ഡിഫെൻസിന്റെ പാളിച്ച മുതലെടുത്ത് ഛാങ്തെ വീണ്ടും മുംബൈക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതി ആരംഭിച്ചു മൂന്ന് മിനിറ്റിനുള്ളിൽ മുംബൈ വീണ്ടും ഗോൾ കണ്ടെത്തി. പേരെര ഡിയാസ് തന്നെയാണ് ഇത്തവണയും വല കുലുക്കിയത്. ആടിയുലഞ്ഞ ഗോവ ഡിഫെൻസിൻ മുകളിൽ അൻപത്തിയഞ്ചാം മിനിറ്റിൽ മുംബൈ നാലാം ഗോളും നേടി. കോർണറിലൂടെ എത്തിയ ശ്രമം കീപ്പർ തടുത്തിട്ടെങ്കിലും പന്ത് ലഭിച്ച അൽബെർട്ടോ തെല്ലും അമാന്തിക്കാതെ മികച്ചൊരു ഫിനിഷിങിലൂടെ ഗോൾ കണ്ടെത്തി. പിന്നീട് എഡു ബെഡിയ ചുവപ്പ് കാർഡ് പുറത്തു പോയതോടെ ഗോവയുടെ പോരാട്ടം പൂർണമായി അവസാനിച്ചു.