അവസാന ഓവറിൽ ജയിക്കാൻ 17 റൺ വേണ്ടി വരിക, ആദ്യ ബോളിൽ വിക്കറ്റ് പോവുക, അടുത്ത ബോളിൽ പുതിയ ബാറ്റ്സ്മാൻ വന്നു വെറും ഒരു റൺ എടുക്കുക, ഇനിയുള്ള 4 ബോളിൽ 16 വേണ്ടി വരിക..എത്ര ഇന്റർനാഷണൽ കളിച്ച കളിക്കാരൻ ആണെങ്കിലും സുല്ലിടും. പക്ഷെ ലോകത്തിലെ ബെസ്റ്റ് ഫിനിഷർ എന്ന് അറിയപ്പെടുന്ന ധോണിക്ക് അതും വെറും ഗള്ളി ക്രിക്കറ്റ്.
ഇന്നലെ നടന്ന സിഎസ്കെ- മുംബൈ ഇന്ത്യൻസ് കളിയുടെ അവസാന ഓവർ കണ്ടവർ ആരും അത് ഒരു കാലത്തും മറക്കാൻ പോകുന്നില്ല. ഈ സീസണിലെ ഈ രണ്ടു ടീമുകളുടെയും പ്രകടനം വച്ച് നോക്കുമ്പോൾ, ഇത് തീരെ പ്രേക്ഷക താൽപ്പര്യം ഉണ്ടാകേണ്ട കളിയല്ല. പക്ഷെ ഐപിഎല്ലിലെ ഏറ്റവും ഗ്ലാമർ ഉള്ള രണ്ടു ടീമുകൾ എന്ന നിലക്ക് ഇവർ എപ്പോ കളിച്ചാലും ഗാലറികളും ടിവി റൂമുകളും നിറയും എന്ന് ഇന്നലത്തെ കളിയും കാണിച്ചു തന്നു.
ഇന്നലെ 40 ഓവർ കളി കണ്ടു DY PATIL സ്റ്റേഡിയം വിട്ട് ഇറങ്ങിയ ഒരാളും ആദ്യ 39 ഓവറുകൾ ഓർക്കാൻ സാധ്യത കുറവാണ്. അവസാന ഓവറും ധോണി എന്ന ഇതിഹാസത്തെയും മാത്രമാകും അവരുടെ മനസ്സിൽ ഉണ്ടാവുക. കളി തോറ്റ മുംബൈ ഇന്ത്യൻസ്, പോയിന്റ് ചെന്നൈക്ക് കിട്ടിയതെങ്കിലും, തങ്ങൾ ധോണിയോടാണ് തോറ്റത് എന്ന ചിന്തയിൽ ആശ്വാസം കാണുന്നുണ്ടാകും. ആ ഓവറിൽ വേറെ ഒരു കളിക്കാരനാണ് ബാറ്റ് ഏന്തിയിരുന്നതെങ്കിൽ, മുംബൈക്ക് ഈ സീസണിലെ ആദ്യ ജയം നേടാമായിരിന്നു എന്ന് രോഹിത്തിനും, സച്ചിനും, എന്തിനു കൂടുതൽ പറയുന്നു, അംബാനിക്ക് പോലും അറിയാം!
തല എന്ന് ചെന്നൈ വിളിക്കുന്ന ധോണി, ഈ വർഷം ക്യാപ്റ്റൻസി ഒഴിഞ്ഞെങ്കിലും, ടീമിന്റെ തലയായി തന്നെ തുടരുന്നു എന്ന് അവരുടെ ടീം ഫീൽഡ് ചെയ്യാൻ ഇറങ്ങുമ്പോൾ കാണാം. പുതിയതായി വന്ന ജഡേജ ഗ്രൗണ്ടിൽ പലപ്പോഴും പതറുന്ന കാഴ്ചയാണ് കാണുക. അപ്പോഴെല്ലാം ധോണിയാണ് കാര്യങ്ങൾ കൈയ്യിലെടുക്കുക. രാജ്പുത് രക്തത്തിന്റെ കാലമൊക്കെ പോയി എന്ന് ക്യാപ്റ്റനോട് ആരേലും പറഞ്ഞു കൊടുക്കണം. ബുദ്ധിക്കും വിവേകത്തിനും മുന്നിൽ ഹീറോയിസം എന്നും തോറ്റിട്ടേയുള്ളൂ.
അവസാന ഓവറിലേക്കു വീണ്ടും വരാം. ആ ഓവറിൽ ധോണി കളിച്ച കളിയെക്കാൾ ഈ ലേഖകന് ആകർഷകമായി തോന്നിയത് ആ മനുഷ്യന്റെ ശാന്തതയാണ്. തന്റെ ടീമിന്റെ അവസാന പ്രതീക്ഷയാണ് താൻ, ആ ടീമിന്റെ ഭാരം മുഴുവൻ തന്റെ തോളിലാണ് എന്ന ഭീതിപ്പെടുത്തുന്ന വസ്തുതയെക്കാൾ, അടുത്ത പന്തിൽ എന്ത് ചെയ്യണം എന്ന ചിന്തയായിരുന്നു ആ മനസ്സിൽ. ആരും പതറിപ്പോകാവുന്ന സന്ദർഭം. ബട്ട് നോട് ധോണി. ഓരോ പന്തും അറിഞ്ഞു കളിച്ചതാണ്, അല്ലാതെ അറിയാതെ കൊണ്ട് പോയതല്ല. ആ ഓവറിലെ ധോണി നേരിട്ട ആദ്യ പന്ത് ഉനന്ദ്കട്ട് എന്ന ബോളറുടെ തലയ്ക്കു മീതെ കൂടെ സിക്സറിന് പറത്തിയപ്പോൾ വിദഗ്ധർക്ക് ഒരു കുറ്റവും ആ ഷോട്ടിനെ കുറിച്ച് പറയാൻ ഉണ്ടായിരുന്നില്ല. അടുത്ത പന്തിൽ നേരിട്ട ബൗൺസർ, തേർഡ് മാൻ ബൗണ്ടറിയിലേക്കു പായിച്ചതും അറിഞ്ഞു തന്നെ. ഇനി വേണ്ടത് രണ്ടു ബോളിൽ ആറ് റൺസ്. അടുത്ത പന്ത് ഫ്ലിക്ക് ചെയ്ത് ഓടിയപ്പോൾ, രണ്ടിൽ കുറഞ്ഞ ഒന്നും ആ മനസ്സിൽ ഉണ്ടായിരുന്നില്ല. പുതുതായി വരുന്ന യുവ കളിക്കാരിൽ എത്ര പേർക്ക് ഇങ്ങനെ ഓടാൻ സാധിക്കും! അവസാന പന്തിൽ ജയിക്കാൻ 4 റൺസ് വേണ്ട സമയത്തു ഒരുമാതിരി പെട്ട കളിക്കാരെല്ലാം സിക്സ് പായിക്കാനാകും ശ്രമിക്കുക. പക്ഷെ ധോണി ചെയ്തത് നോക്കുക, ഫീൽഡർ ഇല്ലാതിരുന്ന ബാക്‌വെർഡ് സ്‌ക്വയർ ലെഗ് ബൗണ്ടറി ലക്ഷ്യമാക്കി കൃത്യമായി പന്ത് പായിച്ചു. രോഹിത് ശർമയും കൂട്ടരും ഒന്ന് അനങ്ങാൻ പോലും സാധിക്കാതെ സ്തബ്ധരായി നിന്ന്. ഗാലറികൾ പൊട്ടിത്തെറിച്ചു, ചെന്നൈ ഫാൻസ് കെട്ടിപ്പിടിച്ചു, മുംബൈ ഫാൻസ് കണ്ണീരണിഞ്ഞു.
ആ ബോൾ ബൗണ്ടറി കിടന്നതിനെ കുറിച്ച് ചോദിച്ചാൽ ചിലപ്പോൾ ധോണി പറയുമായിരിക്കും, എനിക്ക് ഇത്തരം ഫിനിഷിങ് സിറ്റുവേഷൻ ഇഷ്ടമല്ല, പക്ഷെ ഫിനിഷിങ്ങിന് എന്നെ ഇഷ്ടമാണ്! കാരണം മറ്റൊരു കളിക്കാരനും ഫിനിഷിങ്ങുമായി ഇത്ര അടുത്ത ബന്ധമില്ല. ഈ കളി തന്നെ നോക്കൂ, ഒരു ഓവറിൽ ചെയ്യേണ്ടത്, തല 4 ബോളിൽ തീർത്തു!