ഇന്ത്യയുടെ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എംഎസ് ധോണിയും രാജ്യം കണ്ട മികച്ച ക്യാപ്റ്റന്മാരായി വിലയിരുത്തപ്പെടുന്നവരാണ്. എന്നാല്‍ ഇരുവരും തീര്‍ത്തും വ്യത്യസ്തരായ ക്യാപ്റ്റന്മാരാണെന്ന് പറഞ്ഞ് ആശിഷ് നെഹ്റ. ഇരുവര്‍ക്കൊപ്പവും കളിക്കുവാനുള്ള ഭാഗ്യം കിട്ടിയ താരമാണ് താനെന്നും ഇരുവര്‍ക്കും കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ കഴിയുന്നവരാണെന്നും ആശിഷ് നെഹ്റ വ്യക്തമാക്കി.
ധോണിയ്ക്ക് കീഴില്‍ ഐപിഎലിലും കളിക്കുവാനുള്ള ഭാഗ്യം നെഹ്റയ്ക്കുണ്ടായി. ഇരു ക്യാപ്റ്റന്മാരും നേരിട്ട പ്രതിസന്ധി പല വിധത്തിലുള്ളതാണെന്നും നെഹ്റ വ്യക്തമാക്കി. ഗാംഗുലി ടീമിന്റെ ക്യാപ്റ്റനായപ്പോള്‍ ടീം വളരെ പുതിയതായിരുന്നുവെങ്കില് ധോണിയുടെ വെല്ലുവിളി സീനിയര്‍ താരങ്ങളെ കൈകാര്യം ചെയ്യുക എന്നതായിരുന്നുവെന്ന് നെഹ്റ വ്യക്തമാക്കി.
ഗാംഗുലി ടീമിലെ യുവതാരങ്ങള്‍ക്കെല്ലാം തന്നെ വേണ്ട വിധത്തിലുള്ള പിന്തഉണ നല്‍കിയിരുന്നുവെന്നും നെഹ്റ പറഞ്ഞു. ടീം കോഴ വിവാദം കഴിഞ്ഞൊരു കാലഘട്ടത്തിലൂടെ പോകുമ്പോളാണ് ഗാംഗുലി ദൗത്യം ഏറ്റെടുക്കുന്നത്. പിന്നീട് 2001ല്‍ അപരാജിതരായ ഓസ്ട്രേലിയയെ ടീം പിടിച്ച് കെട്ടുന്നത് ലോകം സാക്ഷ്യം വഹിച്ചു. അതേ പോലെ ധോണി ലോകകപ്പ് ടി20 കിരീടം ജയിച്ചാണ് കളത്തിലേക്ക് എത്തുന്നതെന്നും നെഹ്റ വ്യക്തമാക്കി.
ധോണി കോച്ച് ഗാരി കിര്സ്റ്റനുമായി മികച്ച രീതിയിലാണ് ഇന്ത്യയിലെ സീനിയര്‍ താരങ്ങളെ കൈകാര്യം ചെയ്തതെന്നും നെഹ്റ പറഞ്ഞു. സച്ചിന്, സേവാഗ്, ലക്ഷ്മണ് എന്നീ താരങ്ങളെ കൈകാര്യം ചെയ്ത വിധം ഏറെ പ്രശംസനീയമാണെന്നും നെഹ്റ കൂട്ടിചേര്‍ത്തു.