2019 ലോകകപ്പ് കഴിയുന്നത് വരെ വിരമിക്കലിനെക്കുറിച്ച് ധോണി ചിന്തിക്കരുതെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. കഴിഞ്ഞ കുറച്ച് നാളായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണി അയര്‍ലണ്ടിനെതിരെയും ഇംഗ്ലണ്ടിനെതിരെയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ലോര്‍ഡ്സില്‍ കാണികള്‍ താരത്തിനെ കൂവുകയും ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യയ്ക്കായി ടെസ്റ്റ് ശതകം നേടിയ ഋഷഭ് പന്തിനെ ധോണിയ്ക്ക് പകരം ഏകദിനങ്ങളില്‍ പരീക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ അഭിപ്രായം.
ഏകദിനത്തിലും ടി20യിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുവാന്‍ പേര് കേട്ട താരമാണ് പന്ത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ധോണിയുടെ അനുഭവ സമ്പത്ത് ഏറെ ആവശ്യമാണെന്നും പന്തിനു അധികം ഒന്നും പരിചയം ഇല്ലാത്തതിനാല്‍ ധോണിയ്ക്ക് തന്നെയാണ് അവസരം നല്‍കേണ്ടതെന്നും സേവാഗ് പറഞ്ഞു.
ഒട്ടനവധി തവണയാണ് ധോണി ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. 300ലധികം മത്സര പരിചയമുള്ള താരം ടീമിലുള്ളത് ഏറെ ഗുണകരമാവും. അതേ സമയം ഇപ്പോള്‍ മുതല്‍ പന്തിനെ സ്ഥിരം കളിപ്പിച്ചാലും ലോകകപ്പ് സമയത്ത് 15-16 മത്സരങ്ങളുടെ പരിചയം മാത്രമേ താരത്തിനുണ്ടാകുകയുള്ളു. അതേ സമയം ധോണി വിരമിക്കുമ്പോള്‍ പന്തിനു ഗ്ലൗ കൈമാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.













