ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി ഏകദിനത്തില്‍ ബാറ്റ് ചെയ്യേണ്ടത് നാലാം നമ്പറിലാണെന്ന് ആവശ്യപ്പെട്ട് മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പറിന്റെ തലവേദനങ്ങളെ ഇത് ഇല്ലാതാക്കുമന്നും ലോകകപ്പിനെ മുന്‍നിര്‍ത്തി ഇന്ത്യ ഈ പരീക്ഷണത്തിനു മുതിരണമെന്നുമാണ് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ നിരവധി താരങ്ങളെ ഈ പൊസിഷനില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ ബാറ്റ്സ്മാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അടുത്തിടെ മോശം ഫോമിലുള്ള ധോണി ഫിനിഷര്‍ എന്ന രീതിയില്‍ തന്റെ പഴയ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി മാറിയിട്ടുള്ള സാഹചര്യത്തില്‍ ഈ പരീക്ഷണം ധോണിയ്ക്കും ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. അഞ്ചാം നമ്പറില്‍ ഇറങ്ങി ധോണി ഏഷ്യ കപ്പില്‍ ഹോങ്കോംഗിനെതിരെ പൂജ്യത്തിനു പുറത്തായിരുന്നു. രണ്ടാം മത്സരത്തില്‍ ധോണിയ്ക്ക് ബാറ്റ് ചെയ്യുവാന്‍ അവസരം നല്‍കാതെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയും ചെയ്തു.
നാലാം നമ്പറില്‍ ധോണി എത്തുന്നത് സമ്മര്‍ദ്ദത്തിനനുസരിച്ച് ബാറ്റ് വീശുവാന്‍ താരത്തിനെ അനുവദിക്കുകയും അതിന്റെ ഗുണം ഇന്ത്യയ്ക്കും ലഭിക്കുമെന്ന് സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.