“ധോണി പെട്ടെന്ന് വിരമിക്കണമെന്ന് ആർക്കാണ് നിർബന്ധം”

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ധോണി ഇത്ര പെട്ടെന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് ആർക്കാണ് നിർബന്ധമെന്ന് രവി ശാസ്ത്രി ചോദിച്ചു. എപ്പോൾ വിരമിക്കണമെന്ന കാര്യം ധോണിക്ക് വ്യക്തമായി അറിയാമെന്നും ധോണിയുടെ ഭാവിയെ പറ്റി ഇങ്ങനെ ചർച്ച ചെയ്യുന്നത് ധോണിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി ഒരു പാട് കിരീടങ്ങൾ നേടി തന്ന താരമാണ് ധോണി. അതുകൊണ്ട് തന്നെ ധോണി എപ്പോൾ വിരമിക്കണമെന്ന് താരത്തിന് വ്യക്തമായി അറിയാമെന്നും രവി ശാസ്ത്രി പറഞ്ഞു. ധോണിയുടെ ഷു കെട്ടികൊടുക്കാൻ പോലും യോഗ്യത ഇല്ലാത്തവരാണ് ധോണിയുടെ വിരമിക്കലിന് വേണ്ടി മുറവിളി കൂട്ടുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

ടെസ്റ്റിൽ നിന്ന് ധോണി യോജിച്ച സമയത്ത് വിരമിച്ചുവെന്നും അത് കൊണ്ട് തന്നെ നിശ്ചിത ഓവർ മത്സരങ്ങളിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ധോണിക്കുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. തുടർന്ന് നടന്ന വെസ്റ്റിൻഡീസ്, സൗത്ത് ആഫ്രിക്ക, ബംഗ്ളദേശ് പരമ്പരകളിൽ ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.