മൂവ് ഓൺ ധോണി

20220521 103749

ഈ സീസണിൽ കളിക്കാരനായി വന്നു, ക്യാപ്റ്റനായി അവസാന കളിയും തോറ്റ് മടങ്ങാൻ നേരം ധോണി ഇന്നലെ ഒരു പ്രസ്താവന നടത്തി, ഞാൻ ചെന്നൈ ടീമുമായി വീണ്ടും ശക്തമായി തിരിച്ചു വരും.

അടുത്ത സീസണിൽ ധോണി തന്നെ ക്യാപ്റ്റൻ ആയി വരും എന്ന സൂചനയാണ് ചെന്നൈ ക്യാമ്പിൽ നിന്നും കിട്ടുന്നത്. സ്നേഹം കൊണ്ട് അന്ധരായ ഫാൻസ് ഇത് ആഘോഷിക്കുന്നുണ്ട്, അടുത്ത വർഷം തങ്ങളുടേതെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ തീരുമാനം ആ ടീമിൽ പുതുതായി എന്ത് മാറ്റമാണ് കൊണ്ട് വരുന്നത് എന്നു ചിന്തിക്കാതെ, ഒരു വിഷയാസക്തിയുടെ പുറകെ പോകുന്ന കാഴ്ചയാണ് അത്.
20220521 103733
ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ അടുത്ത വർഷമല്ല, ഇനിയുള്ള രണ്ട് മൂന്ന് സീസണുകൾ സിഎസ്‌കെ പ്ലേ ഓഫ് കാണില്ല എന്നാണ് വിദഗ്ധർ രഹസ്യമായിട്ടെങ്കിലും പറയുന്നത്. ഇത്തവണത്തെ ദയനീയ പരാജയം അടുത്ത വർഷവും തുടരാതിരിക്കണമെങ്കിൽ, ചെന്നൈ ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു.

ചെന്നൈയുടെ ഐപിഎൽ വിജയങ്ങൾക്ക് ഒരു പരിധി വരെ ക്യാപ്റ്റൻ കൂൾ ആയ ധോണി തന്നെയാണ് കാരണക്കാരൻ എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ T20 കളി മുന്നോട്ട് പോയി കഴിഞ്ഞു, 10 വർഷം മുന്നുള്ള കളിയല്ല ഇപ്പോൾ മുൻനിര ടീമുകൾ കളിക്കുന്നത്. എല്ലാ ടീമുകളും അത് മനസ്സിലാക്കി മാറ്റങ്ങൾ വരുത്തണം, സ്വയം മാറണം.

T20 കളിയിൽ 40 വയസ്സുകാരനായ ധോണി ഇപ്പോഴും ഒരു ശക്തി തന്നെയാണ്, പക്ഷെ ഏറ്റവും നല്ല ശക്തിയാണോ? ധോണിയുടെ വ്യക്തിഗത സ്കോറുകൾ, ടീമിലെ തന്റെ സ്ഥാനത്തിന് ന്യായീകരിക്ക തക്കതാണോ?

ഇക്കൊല്ലത്തെ ഐപിഎല്ലിൽ ഏറ്റവും താഴെ നിൽക്കുന്ന ടീമുകളിൽ ഒന്നായിരുന്നു ചെന്നൈ. ഈ നിലയിൽ നിന്ന് ഒരു തിരിച്ചു വരവ് ഈ നിലയിൽ അടുത്ത സീസണിൽ സാധ്യമല്ല. സെന്റിമെന്റുകൾ മാറ്റി വച്ചു ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപോക്കിൽ കളിച്ചു യാത്ര പറഞ്ഞില്ലെങ്കിൽ അത് ഫാന്സിനോട് ചെയ്യുന്ന അനീതിയാകും എന്നാണ് ധോണി ഇന്നലെ സൂചിപ്പിച്ചത്. ഇതിന് മറുപടിയായി പറയാനുള്ളത്, പ്ലീസ് പുട് ദി ടീം ബിഫോർ യൂ എന്നാണ്. സ്വന്തം ഫാന്സിന്റെ മുന്നിൽ കളിച്ചു വിരമിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും ആഗ്രഹമാണ്, അത് പറ്റുമെങ്കിൽ അനുവദിക്കണം. പക്ഷെ നോട് അറ്റ് ദി കോസ്റ്റ് ഓഫ് ടീം!

ചെന്നൈ മാനേജ്‌മെന്റ് ഇത് തിരിച്ചറിഞ്ഞ്, ധോണിയുമായി സംസാരിക്കണം. ഇപ്പോഴത്തെ ടീമിൽ നിന്ന് പുറത്താക്കേണ്ട ഒന്നിൽ കൂടുതൽ കളിക്കാരുണ്ട്. ഇനി മുന്നോട്ട്, ചെന്നൈ ടീമിന്റെ കുതിപ്പിന് ഒരു പുതിയ ടീം കെട്ടിപ്പെടുക്കണം, അതിന് ധോണി മുൻകൈ എടുക്കണം. ക്യാപ്റ്റൻ സ്ഥാനത്ത് ഒരു പുതിയ ഐക്കണ് പ്ലെയറെ കൊണ്ട് വരണം, ധോണി ചെപ്പോക്കിൽ ഒരു കളി കളിച്ചു കളം ഒഴിയണം, ചെന്നൈ ക്യാംപിൽ നിന്ന് കൊണ്ട് ഒരു ശക്തമായ ടീം കെട്ടിപ്പടുക്കാൻ അവരെ സഹായിക്കണം. ധോണി ഇല്ലാതെ ചെന്നൈ എന്നല്ല, ചെന്നൈയോടൊപ്പം ധോണി നിന്ന് അവരെ വഴികാട്ടണം. അതിന് ക്യാപ്റ്റൻ ആയി തന്നെ വേണം എന്നില്ല, വേറെയും സ്ഥാനങ്ങൾ ആ ക്യാമ്പിൽ ഉണ്ട്. അവിടത്തെ അടുത്ത കാലത്തെ തീരുമാനങ്ങൾ കാണുമ്പോൾ ആദ്യം മാറേണ്ടത് അവരുടെ സിഇഒ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ എന്ത് കൊണ്ട് സിഇഒ ആയി ധോണി വന്നുകൂടാ? ഒരു കളിക്കാരൻ എന്ന നിലയിലും, ക്യാപ്റ്റൻ എന്ന നിലയിലും തിളങ്ങിയ മഹേന്ദ്ര സിംഗ് ധോണി, ഇനി ഒരു അഡ്മിനിസ്ട്രേറ്റർ ആയി വരുന്നത് ചെന്നൈക്ക് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും ഗുണകരമാകും.