ധോണി സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ക്യാപ്റ്റൻ ഒഴിയാൻ തീരുമാനിച്ചത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. ജഡേജയെ ഈ സീസണിൽ ക്യാപ്റ്റൻ ആക്കി കൊണ്ടുള്ള പുതിയ പ്രഖ്യാപനം ധോണിയുടെ വിരമിക്കലിന്റെ സൂചനയായാണ് പലരും കാണുന്നത്. ഈ സീസണിൽ ജഡേജയെ ക്യാപ്റ്റൻ എന്ന നിലയിൽ പിന്തുണ നൽകി വളർത്തി കൊണ്ട് അടുത്ത സീസണിൽ കളം വിടാൻ ആകും ധോണി ഉദ്ദേശിക്കുന്നത്. ധോണിയുടെ വിരമിക്കലിനെ കുറിച്ച് അവസാന വർഷങ്ങളിൽ ഒക്കെ ചോദ്യം ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും സി എസ് കെ ധോണിയുടെ കീഴിൽ കിരീടം നേടിയതോടെ ആ ചോദ്യങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ധോണി മെല്ലെ വിരമിക്കലിലേക്ക് നീങ്ങുകയാണ് എന്ന് തന്നെയാണ് സൂചനകൾ. മഹേന്ദ്രസിങ് ധോണി ഒരിക്കലും ഒരു ടീമിനും ഭാരമാകാൻ ഉദ്ദേശിക്കാത്ത നിൽക്കാത്ത താരമാണ്. ബാറ്റിംഗിൽ പഴയ മികവിൽ ധോണി ഇല്ല എന്നത് ധോണിക്ക് തന്നെ ബോധ്യവും ഉണ്ടാകും. അദ്ദേഹം ഇപ്പോൾ ക്യാപ്റ്റൻസി ഒഴിഞ്ഞത് ഈ സീസണിൽ തന്നെ ഇടക്ക് ബെഞ്ചിൽ ഇരുന്ന് മറ്റുള്ളവർക്ക് അവസരം നൽകാൻ കൂടിയാകാം.
12 ഐ പി എൽ സീസണിൽ ധോണി സി എസ് കെയെ നയിച്ചിട്ടുണ്ട്. അതിൽ 9 സീസണിലും സി എസ് കെ ഫൈനലിൽ എത്തിയിട്ടുണ്ട് എന്നത് ധോണിയുടെ മികവ് കാണിക്കുന്നു. ഇത് ധോണിയുടെ അവസാന സീസൺ ആണെങ്കിൽ അത് ഒരു യുഗാന്ത്യം ആകും.