ജർമ്മൻ കപ്പിൽ വീണ്ടുമൊരു അട്ടിമറി. സെക്കന്റ് ഡിവിഷൻ ക്ലബ്ബായ സെന്റ് പോളി നിലവിലെ ചാമ്പ്യന്മാരായ ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട് ബൊറുസിയ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തായി. 16 വർഷങ്ങൾക്ക് ശേഷം ജർമ്മൻ കപ്പിന്റെ ക്വാർട്ടറിൽ കടന്ന് ചരിത്രമെഴുതിയിരിക്കുകയാണ് സെന്റ് പോളി.
എറ്റിൻ അമെൻയിഡൊയുടെ നാലാം മിനുട്ടിലെ ഗോളും ആക്സൽ വിറ്റ്സലിന്റെ സെൽഫ് ഗോളുമാണ് സെന്റ് പോളിയെ വിജയത്തിലേക്ക് നയിച്ചത്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ സൂപ്പർ താരം എർലിംഗ് ഹാളണ്ട് നേടി. മാർസൽ ഹാർടെലിന്റെ കട്ട് ബാക്ക് ഗോളാക്കി മാറ്റി അമെൻയിഡോ സെന്റ് പോളിക്ക് നാലാം മിനുട്ടിൽ ലീഡ് നൽകി. 1989ലാണ് ബുണ്ടസ് ലീഗയിൽ അവസാനമായി സെന്റ് പോളി ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. 2005-06 സീസണിൽ സെമി ഫൈനലിൽ എത്തിയതാണ് ജർമ്മൻ കപ്പിലെ സെന്റ് പോളിയുടെ മികച്ച പ്രകടനം. ജർമ്മൻ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഹാംബർഗിൽ നിന്നുള്ള സെക്കന്റ് ഡിവിഷൻ ക്ലബ്ബായ സെന്റ് പോളി ഇന്ന് ജയം സ്വന്തമാക്കിയിരിക്കുന്നത്.