ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റിംഗ് നിര ഉയര്‍ന്നിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടീമിന്റെ ബാറ്റിംഗ് നിര പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ആര്‍സിബി മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ഇന്നലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സിനെതിരെ ടീമിനെ 131 റണ്‍സ് മാത്രമാണ് നേടാനായത്. എബി ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്.
ആദ്യ പത്ത് മത്സരങ്ങളില്‍ ടീം സന്തുലിതമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ അതുണ്ടായില്ലെന്നും ടീമിന്റെ തുടര്‍ തോല്‍വികള്‍ അത് സൂചിപ്പിക്കുന്നുവെന്നും സൈമണ്‍ വ്യക്തമാക്കി. ആരോണ്‍ ഫിഞ്ച് തങ്ങള്‍ വിചാരിച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയില്ലെന്നും അതിനാല്‍ തന്നെ ജോഷ് ഫിലിപ്പേയ്ക്ക് അവസരം കൊടുക്കാനായി ടീം ഘടന മാറ്റേണ്ടി വന്നവെന്നും എന്നാല്‍ പ്ലേ ഓഫില്‍ വിരാട് കോഹ്‍ലി ഓപ്പണ്‍ ചെയ്യുമെന്ന് തങ്ങള്‍ തീരുമാനിച്ചപ്പോള്‍ താരത്തിനെ പുറത്തിരുത്തേണ്ടി വന്നുവെന്നും കാറ്റിച്ച് വ്യക്തമാക്കി.
ടീമില്‍ അധികം മാറ്റങ്ങളൊന്നും നടത്തിയില്ലെങ്കിലും ഫോമിന്റെ കാര്യം കൊണ്ട് മാത്രമുള്ള മാറ്റമാണ് തങ്ങള്‍ നടത്തിയതെന്നും കാറ്റിച്ച് വ്യക്തമാക്കി. ഐപിഎലില്‍ ബാംഗ്ലൂരിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവ് എന്നത് ദേവ്ദത്ത് പടിക്കലാണെന്നും കാറ്റിച്ച് വ്യക്തമാക്കി. 473 റണ്‍സാണ് താരം ടൂര്‍ണ്ണമെന്റില്‍ നേടിയത്. ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കമാണ് ഒട്ടുമുക്കാല്‍ മത്സരങ്ങളിലും ദേവ്ദത്ത് നല്‍കിയതെന്നും കാറ്റിച്ച് വ്യക്തമാക്കി.
വാഷിംഗ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജുമാണ് സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങളെന്നും കാറ്റിച്ച് സൂചിപ്പിച്ചു.