ബുണ്ടസ് ലീഗയിലെ ദേർ ക്ലാസിക്കറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വിജയം. ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ മാർക്കോ റൂയിസ് ഇരട്ട ഗോളുകളുമായി നയിച്ച് ആവേശോജ്വലമായ മത്സരത്തിൽ വിജയം സ്വന്തമാക്കി. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്‌കിയും ഇരട്ട ഗോളുകൾ സ്വന്തമാക്കി. പാക്കോ ആൾക്കസറാണ് ഡോർട്ട്മുണ്ടിന്റെ വിജയ ഗോൾ നേടിയത്.
ജർമ്മൻ ക്ലാസിക്കോയുടെ ഇരുപത്തിയാറാം മിനുട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. സിഗ്നൽ ഇടൂന പാർക്കിനെ നിശബ്ദമാക്കികൊണ്ട് റോബർട്ട് ലെവൻഡോസ്‌കി സെർജ് ഗ്നാബ്രി നൽകിയ ക്രോസ്സ് മനോഹരമായ ഹെഡ്ഡറിലൂടെ ലെവൻഡോസ്‌കി ഗോളാക്കി മാറ്റി. ആദ്യ പകുതിയിൽ ബയേൺ മ്യൂണിക്ക് ലീഡ് നേടി. ഇരു ടീമുകളും ആക്രമിച്ച് കളിച്ചപ്പോൾ ഫുട്ബോൾ ആരാധകർക്ക് ലഭിച്ചതൊരു വിരുന്നായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ മാർക്കോ റൂയിസിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് സമനില നേടി. റൂയിസിനെ ബോക്സിൽ വീഴ്ത്തിയ ന്യൂയർ ഡോർട്ട്മുടിനു പെനാൽറ്റി സമ്മാനിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത റൂയിസിന് പിഴച്ചില്ല. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ലെവൻഡോസ്‌കിയിലൂടെ ബയേൺ ലീഡ് തിരികെ നേടി. ജോഷ്വ കിമ്മിഷിന്റെ അസിസ്റ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ബയേൺ വീണ്ടും മുന്നിൽ.
അറുപത്തിയേഴാം മിനുട്ടിൽ പിസ്ക്കിന്റെ അസിസ്റ്റിൽ റൂയിസ് രണ്ടാം ഗോളും നേടി. സുവര്ണാവസരങ്ങൾ പാഴാക്കിയതിന്റെ കണക്ക് ആ രണ്ടാം ഗോളിലൂടെ റൂയിസ് നികത്തി. ആര് മിനിട്ടുകൾക്ക് ശേഷം മനോഹരമായൊരു കൌണ്ടർ അറ്റാക്കിങ്ങിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് വിജയം ഉറപ്പിച്ചു. ലൂസിയൻ ഫെവ്‌റേയുടെ തന്ത്രങ്ങൾക്കും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവനിരയുടെ മുന്നിലും നിലവിലെ ചാമ്പ്യന്മാരായ ബയേൺ അടിയറവ് പറഞ്ഞു. സുപ്രധാനമായ മത്സരത്തിൽ ഹമിഷ് റോഡ്രിഗസിനെ കളത്തിലിറക്കാതിരുന്ന പരിശീലകൻ നിക്കോ കൊവാച്ചിന്റെ തീരുമാങ്ങൾക്ക് എതിരെ പ്രതിഷേധമുയരുമെന്നുറപ്പാണ് .