ലോകകപ്പ് യോഗ്യത റൗണ്ടിൽ ഹോളണ്ടിന് വൻ വിജയം. ഇന്ന് തുർക്കിയെ നേരിട്ട ഹോളണ്ട് ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് ഹോളണ്ട് നേടിയത്. വാൻ ഹാൽ പരിശീലകനായി തിരികെയെത്തിയ ശേഷമുള്ള ശുഭ സൂചനകളുടെ തുടർച്ചയാണ് ഇന്ന് കണ്ടത്. ബാഴ്സലോണ താരം മെംഫിസ് ഡിപായ് ഹാട്രിക്കുമായി ഇന്ന് ഹോളണ്ട് ഹീറോ ആയി. ഡിപായുടെ ഹോളണ്ടിനായുള്ള ആദ്യ ഹാട്രിക്കാണിത്. ഇന്നത്തെ ഗോളുകളോടെ 33 ഗോളുകളുമായി ഹോളണ്ടിനായുള്ള ഗോൾ സ്കോറർമാരുടെ പട്ടികയിൽ ക്രൈഫിനൊപ്പം എത്താൻ ഡിപായ്ക്കായി.
ഇന്ന് മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ഹോളണ്ട് ലീഡ് എടുത്തു. ഡിപായും ക്ലാസണും ചേർന്നുള്ള വൺ ടച്ച് എക്സ്ചേഞ്ചിന് ഒടുവിൽ ക്ലാസൻ ആണ് ആദ്യ ഗോൾ വലയിൽ എത്തിച്ചത്. 16ആം മിനുട്ടിൽ ക്ലാസണും ഡിപായും വീണ്ടും ഒരുമിച്ചു. വീണ്ടും വൺ ടച്ച് പാസുകൾ. ഇത്തവണ ക്ലാസന്റെ പാസിൽ നിന്ന് ഡിപായുടെ ഫിനിഷ്. 38ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് ഡിപായ് തന്റെ രണ്ടാം ഗോൾ നേടി.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സൊയുഞ്ചു ചുവപ്പ് കണ്ട് പുറത്തായതോടെ തുർക്കിയുടെ കാര്യം കൂടുതൽ പരിതാപകരമായി. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഡിപായ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. 80ആം മിനുട്ടിൽ ടിലും 90ആം മിനുട്ടിൽ മലനും ഹോളണ്ടിനായി ഗോൾ നേടി. ചെങിസ് ഉണ്ടർ ആണ് തുർക്കിക്കായി ആശ്വാസ ഗോൾ നേടിയത്.
ആറ് മത്സരങ്ങളിൽ 13 പോയിന്റുമായി ഗ്രൂപ്പ് ജിയിൽ ഒന്നാമത് ആണ് ഹോളണ്ട് ഇപ്പോൾ.