വെയിൽസിന്റെ യൂറോ കപ്പ് യാത്ര പ്രീക്വാർട്ടറിൽ അവസാനിച്ചു. കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ വെയിൽസിനെ പരാജയപ്പെടുത്തി കൊണ്ട് ഡെന്മാർക്ക് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഡെന്മാർക്ക് വിജയം. കാസ്പർ ഡോൽബർഗിന്റെ ഇരട്ട ഗോളുകളാണ് ഡെന്മാർക്കിന്റെ വിജയത്തിന് കരുത്തായത്.
ഇന്ന് വെയിൽസ് ആണ് കളി നന്നായി തുടങ്ങിയത്. ആദ്യ മിനുട്ടുകളിൽ ബെയ്ലിന്റെയും സംഘത്തിന്റെയും തുടർ ആക്രമണങ്ങൾ ആണ് കണ്ടത്. എന്നാൽ നല്ല ഒരു ഫൈനൽ ബോൾ നൽകാത്തത് കൊണ്ട് ആ അക്രമണങ്ങൾ ഒക്കെ എവിടെയും എത്തിയില്ല. പതിയെ ഡെന്മാർക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 27ആം മിനുട്ടിൽ അവരുടെ ആദ്യ ഗോളും വന്നു. ഡാംസ്ഗാർഡിന്റെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഡോൽബർഗ് തൊടുത്ത ഷോട്ട് കേർൽ ചെയ്ത് വലയുടെ ഇടതു കോർണറിൽ വീണു.
ഈ ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഡെന്മാർക്കിന്റെ കയ്യിലായി. 32ആം മിനുട്ടിൽ ഡാംസ്ഗാർഡിന്റെ പാസിൽ നിന്നുള്ള ഒരു ഫ്ലിക്ക് വാർഡ് തടഞ്ഞു. ആദ്യ പകുതിയുടെ വാർഡിന്റെ ഒരു മികച്ച് സേവ് കൂടെ ഡെന്മാർക്കിനെ ലീഡ് ഇരട്ടിയാക്കുന്നതിൽ നിന്ന് തടഞ്ഞു.
പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെന്മാർക്കിന് ലീഡ് ഇരട്ടിയാക്കാൻ ആയി. വെയിൽസ് ഡിഫൻഡർ വില്യംസിന്റെ ഒരു ദയനീയ ക്ലിയറൻസ് ഡോൽബർഗിന്റെ കാലിൽ വീഴുക ആയിരുന്നു. 23കാരൻ ഒരിക്കൽ കൂടെ വാർഡിനെ കീഴ്പ്പെടുത്തി ഡെന്മാർക്കിന്റെ രണ്ടാം ഗോൾ നേടി. ഇതിനു ശേഷം വെയിൽസ് കളിയിലേക്ക് തിരിച്ചുവരാൻ പൂർണ്ണമായും ആക്രമണത്തിലേക്ക് നീങ്ങി. ഡെന്മാർക്ക് ആകട്ടെ ഡിഫൻസിൽ ശ്രദ്ധ കൊടുത്ത് കൗണ്ടറുകൾക്കായി കാത്തിരുന്നു. വെയിൽസിന് ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പ്സ്ർ ഷിമൈക്കളിനെ കാര്യമായി പരീക്ഷിക്കാൻ പോലും ആയില്ല. ക്യാപ്റ്റൻ സീമൺ കെഹർ അവസാന നിമിഷങ്ങളിൽ പരിക്കേറ്റ് പുറത്തായത് ഡെന്മാർക്കിന് ആശങ്ക നൽകി. 86ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മൂന്നാം ഗോൾ നേടി വിജയം ഉറപ്പിക്കാൻ ഡെന്മാർക്കിന് അവസരം കിട്ടി. എന്നാൽ ബ്രെത്വൈറ്റിന്റെ ശ്രമം പുറത്തേക്ക് ആണ് പോയത്. എങ്കിലും പിന്നാലെ 89ആം മിനുട്ടിൽ മെഹ്ലെയുടെ ഇടം കാലൻ സ്ട്രൈക്ക് മൂന്നാം ഗോളും ഡെന്മാർക്കിന്റെ വിജയവും ഉറപ്പിച്ചു. ഇതിനു പിന്നാലെ വെയിൽസ് താരം ഹാരി വിൽസൺ ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ വെയിൽസ് പോരാട്ടം അവസാനിച്ചു.
ഇഞ്ച്വറി ടൈമിൽ ബാഴ്സലോണ താരം ബ്രെത്വൈറ്റിന്റെ ഗോളിലൂടെ ഡെന്മാർക്ക് നാലാം ഗോളും നേടി വെയിൽസ് തകർച്ചക്ക് അടിവരയിട്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഡെന്മാർക്ക് നാലു ഗോളുകൾ നേടുന്നത്. വിജയത്തോടെ ക്വാർട്ടറിലേക്ക് എത്തിയ ഡെന്മാർക്ക് ഇനി ഹോളണ്ടും ചെക്ക് റിപബ്ലിക്കും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നേരിടുക.