ഡെന്മാർക്ക് ഫുട്ബോളിലെ പ്രതിസന്ധി തുടരുന്നു. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ഫുട്ബോൾ അസോസിയേഷനും താരങ്ങളും തർക്കമുള്ളതിനാൽ ഒരു നല്ല ടീം ഇറക്കാൻ വരെ ഡെന്മാർക്ക് ഫുട്ബോൾ അസോസിയേഷനായില്ല. ഇന്നലെ നടന്ന സ്ലോവാക്യക്കെതിരായ സൗഹൃദ മത്സരത്തിൽ ഡെന്മാർക്കിനായി ഇറങ്ങിയത് രാജ്യത്തെ മൂന്നാം ഡിവിഷനിലെ താരങ്ങളും ഫുട്സാൽ കളിക്കാരും ആയിരുന്നു.
കൂടുതലും വിദ്യാർത്ഥികളും മറ്റു ജോലിയിൽ ഏർപ്പട്ടവരും ആണ് രാജ്യാന്തര ടീമിൽ ഇന്നലെ കളിച്ചത്. പ്രൊഫഷണൽ താരങ്ങളായി ആരും ഇന്നലെ കളിച്ചില്ല. ഡെന്മാർക്കിന് പുറത്ത് കളിക്കുന്ന പ്രധാന താരങ്ങളും രാജ്യത്തെ ആദ്യ രണ്ട് ഡിവിഷനിലെ താരങ്ങളും രാജ്യത്തിനായി കളിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇന്നലത്തെ മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡെന്മാർക്ക് തോറ്റു. 73 ശതമാനം പൊസഷനോടെ ആയിരുന്നു സ്ലോവാക്യയുടെ ജയം.
അടുത്തതായി നടക്കാനുള്ള വെയിൽസിനെതിരായ യുവേഫ നാഷൺസ് കപ്പ് മത്സരത്തിലും ഇതേ ടീമിനെ ഡെന്മാർക്ക് ഇറക്കേണ്ടി വരും. ടോട്ടൻഹാം താരം എറിക്സൺ ഉൾപ്പെടെ അസോസിയേഷനുമായി പ്രശ്നത്തിലാണ്. താരങ്ങൾ രാജ്യാന്തര ടീമിന്റെ സ്പോൺസേഴ്സിന്റെ എതിരായുള്ള സ്പോൺസർമാരുമായി കരാറിൽ എത്തരുത് എന്ന് അസോസിയേഷൻ പറഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഈ ആവശ്യം അംഗീകരിക്കാൻ താരങ്ങൾ ഒരുക്കമല്ല.