എസെക്സ്സ് കരാര്‍ പുതുക്കി കുക്ക്

എസെക്സ്സുമായുള്ള കൗണ്ടി കരാര്‍ പുതുക്കി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. ഓവല്‍ ടെസ്റ്റിനു ശേഷം താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച താരം നേരത്തെ തന്നെ കൗണ്ടിയില്‍ താന്‍ സജീവമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 16ാം വയസ്സ് മുതല്‍ എസെക്സ്സ് അക്കാദമിയുടെ ഭാഗമായിരുന്ന കുക്ക് ഇംഗ്ലണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് മത്സരം കളിക്കുന്ന താരവും ഏറ്റവുമധികം റണ്‍സ് നേടുന്ന താരവുമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതോടെ താരത്തിന്റെ സേവനം പൂര്‍ണ്ണമായും കൗണ്ടിയ്ക്ക് ലഭ്യമാകും. കുക്ക് കൗണ്ടിയുമായി കരാര്‍ പുതുക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കോച്ച് ആന്റണി മക്ഗ്രാത്ത് പറഞ്ഞത്. ടീമിലെ യുവതാരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ക്രിക്കറ്ററാണ് കുക്ക് എന്നും മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു.