നിര്‍ണ്ണായക ഘട്ടത്തിൽ പിഴവുകള്‍ വരുത്തിയെങ്കിലും അമേരിക്കന്‍ യുവ താരം ജെനീഫര്‍ മുച്ചീനോ ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി. 6-4ന് ആണ് ദീപികയുടെ വിജയം.
അവസാന ശ്രമത്തിൽ 10 പോയിന്റ് നേടിയിരുന്നുവെങ്കില്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ 9 പോയിന്റ് മാത്രം അമേരിക്കന്‍ താരം നേടിയതാണ് ദീപികയുടെ മെഡൽ പ്രതീക്ഷ നിലനിര്‍ത്തിയത്.
ആദ്യ സെറ്റിലെ ആദ്യ ശ്രമം തന്നെ പിഴച്ച ദീപിക അമേരിക്കന്‍ താരത്തോട് ആ സെറ്റ് 25-26ന് അടിയറവ് പറഞ്ഞു. രണ്ടാം സെറ്റിലെ ആദ്യ ശ്രമം പിഴച്ചുവെങ്കിലും പിന്നീട് രണ്ട് പെര്‍ഫക്ട് ടെന്നുകളുടെ സഹായത്തോടെ ദീപിക സെറ്റ് സ്വന്തമാക്കി. ദീപിക സെറ്റ് 28-25ന് ആണ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റിൽ ആദ്യ രണ്ട് ശ്രമങ്ങളിൽ 10ഉം 9ഉം പോയിന്റ് നേടിയ ദീപികയ്ക്ക് മൂന്നാം ശ്രമത്തിൽ വെറും 8 മാത്രം ലഭിച്ചപ്പോള്‍ അമേരിക്കന്‍ താരത്തിന് ആ ശ്രമം മെച്ചപ്പെടുത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ 27-25ന് മൂന്നാം സെറ്റ് നേടി മത്സരത്തിൽ 4-2ന്റെ ലീഡ് നേടി.
നാലാം സെറ്റിലെ രണ്ടാം ശ്രമത്തിൽ വെറും 6 പോയിന്റ് മാത്രം ദീപിക നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീങ്ങി. നാലാം സെറ്റ് 25-24ന് ആണ് അമേരിക്കന്‍ താരം സ്വന്തമാക്കിയത്. ഇതോടെ മത്സരം 4-4ന് ഒപ്പത്തിനൊപ്പമായി.
ദീപിക കുമാരി ആദ്യ റൗണ്ടിൽ ഭൂട്ടാന്റെ അമ്പെയ്ത്ത് താരത്തെ 6-0ന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്ക് എത്തിയത്.