ഇന്നലെ ഇബ്രഹിമോവിചിന്റെ ഹെഡർ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഹെൻഡേഴ്സൺ തട്ടി അകറ്റുന്നത് കണ്ടപ്പോൾ ഏതു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ഡീൻ ഹെൻഡേഴ്സണിൽ ഉണ്ടായിരുന്ന അവസാന സംശയവും നീങ്ങികാണും. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിന്റെ സമ്മർദ്ദം താങ്ങാൻ ഡീൻ ഹെൻഡേഴ്സണ് ആകുമോ എന്നതായിരുന്നു ഇതുവരെയും ഉയർന്നിരുന്ന പ്രധാന ചോദ്യങ്ങൾ. എന്നാൽ അടുത്തിടെ ആയി താരം നടത്തുന്ന പ്രകടനങ്ങൾ ഈ സംശയങ്ങളെ അപ്രസക്തമാക്കുന്നു.
അവസാന കുറേ വർഷങ്ങളായി ഡി ഹിയ സ്വന്തമാക്കി വെച്ചിരുന്ന യുണൈറ്റഡ് ഗോൾ കീപ്പർ സ്ഥാനം ഇനിയും ഏറെ കാലം ഡിഹിയക്ക് ഒപ്പം ഉണ്ടാകില്ല എന്ന സൂചനകളും ഡീനിന്റെ പ്രകടനങ്ങൾ നൽകുന്നു. 2018 ലോകകപ്പിനു ശേഷം ഡി ഹിയ സ്ഥിരത ഇല്ലാത്ത ഗോൾ കീപ്പറായി മാറിയിരുന്നു. ഒരുപാട് അബദ്ധങ്ങളും എളുപ്പത്തിൽ ഗോൾ വഴങ്ങുന്നതും ഡി ഹിയ പതിവാക്കി. ഡി ഹിയയുടെ സാന്നിദ്ധ്യം യുണൈറ്റഡ് ഡിഫൻസിനെ തന്നെ പലപ്പോഴും സമ്മർദ്ദത്തിൽ ആക്കുന്നതും അടുത്തിടെ ആയി കാണപ്പെടുന്നു.
എന്നാൽ ഹെൻഡേഴ്സൺ അങ്ങനെ അല്ല. വളരെ വോക്കലായ സാന്നിദ്ധ്യം ആണ് ഹെൻഡേഴ്സൺ. ഡിഫൻഡേഴ്സിന് കൃത്യമായി ഉറക്കെ നിർദേശങ്ങൾ നൽകുന്ന ഹെൻഡേഴ്സൺ പെനാൽട്ടി ബോക്സിൽ യാതൊരു ആശയ കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഹെൻഡേഴ്സന്റെ സാന്നിദ്ധ്യം മഗ്വയറിനെയും ലിൻഡെലോഫിനെയും മെച്ചപ്പെടുത്തുന്നതും കാണാനാകുന്നു.
ഇന്നലത്തെ മിലാനെതിരായ ക്ലീൻ ഷീറ്റോടെ ഹെൻഡേഴ്സണ് ഈ സീസണിൽ 11 ക്ലീൻ ഷീറ്റുകളായി. ഡി ഹിയയെ ഈ സീസണിലെ ക്ലീൻ ഷീറ്റിന്റെ എണ്ണത്തിൽ ഹെൻഡേഴ്സൺ മറികടന്നു. അതും ഡിഹിയയെക്കാൾ 10 മത്സരം കുറവ് കളിച്ചു കൊണ്ട്. 18 മത്സരങ്ങളിൽ നിന്നാണ് ഹെൻഡേഴ്സൺസ് 11 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയത്. ആകെ എട്ടു ഗോളുകൾ ആണ് താരം വഴങ്ങിയത്. 2021 ആയതിനു ശേഷം എവേ ഗ്രൗണ്ടിൽ ഒരു ഗോൾ പോലും ഹെൻഡേഴ്സൺ വഴങ്ങിയിട്ടുമില്ല.
ഡി ഹിയ സ്ക്വാഡിൽ തിരികെയെത്തി എങ്കിലും ഇനി ഹെൻഡേഴ്സണെ ഗോൾ വലയ്ക്കു മുന്നിൽ നിന്ന് മാറ്റുക ഒലെ ഗണ്ണാർ സോൾഷ്യാറിന് എളുപ്പമുള്ള പണി ആയിരിക്കില്ല.