ഡാനി ആൽവസിന്റെ പുതിയ തട്ടകം മെക്സിക്കോ, ക്യാമ്പ്ന്യൂവിലേക്ക് മടങ്ങിയെത്താൻ അവസരം

Nihal Basheer

മുപ്പത്തിയൊൻപതിന്റെ ഇളപ്പത്തിലും കരിയറിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ഡാനി ആൽവസ് അടുത്ത സീസണിൽ മെക്സിക്കൻ ക്ലബ്ബ് ആയ പ്യൂമാസിൽ കളിക്കും. ഒരു വർഷത്തേക്കാണ് മെക്സിക്കൻ ക്ലബ്ബ് ഡാനിയുമായി കരാറിൽ എത്തിയിരിക്കുന്നത്. മെക്സിക്കൻ ക്ലബ്ബ് ആയ ക്ലബ്ബ് യൂണിവേഴ്സിദാദ്‌ നാഷ്യോണാൽ അഥവാ “പ്യൂമാസ്” നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്.

നേരത്തെ, ബാഴ്‌സലോണ കരാർ നീട്ടി കൊടുക്കാതെ ഇരുന്നതോടെയാണ് ഡാനി ആൽവസ് പുതിയ തട്ടകം അന്വേഷിച്ചു ഇറങ്ങിയത്. തനിക്ക് ഉടനെയൊന്നും വിരമിക്കാൻ ഉദ്ദേശമില്ലെന്ന് ഡാനി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. സാവോ പോളോയിൽ നിന്നും കരാർ അവസാനിച്ച ശേഷമാണ് കഴിഞ്ഞ സീസണിന്റെ പകുതിയിൽ താരം ബാഴ്‌സയിൽ എത്തിയത്.

ഇതോടെ ക്യാമ്പ്ന്യൂവിലേക്കും ഒരിക്കൽ കൂടി തിരിച്ചു വരാൻ ഡാനിക്ക് അവസരം ഒരുങ്ങും. സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബാഴ്‌സലോണ നടത്താറുള്ള ജോവൻ ഗാമ്പർ ട്രോഫിയിൽ ഇത്തവണ ബാഴ്‌സലോണ പുരുഷ ടീമിനെ നേരിടുന്നത് പ്യൂമാസ് ആണ്. ടീമിന്റെ ഭാഗമായതോടെ മത്സരത്തിന് വേണ്ടി ഡാനി ആൽവസ് ഒരിക്കൽ കൂടി പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തും.