ഹോളണ്ടേ ചെക്ക്-മേറ്റ്! ചുവപ്പ് വാങ്ങി ഓറഞ്ച് പട പുറത്ത്, ചെക്ക് റിപബ്ലിക് യൂറോ കപ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട ഇനി യൂറോ കപ്പിൽ ഇല്ല. ഹോളണ്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് ചെക്ക് റിപബ്ലിക്ക് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹോളണ്ടിന്റെ പ്രധാന സെന്റർ ബാക്കായ ഡിലിറ്റ് ചുവപ്പ് കണ്ട് പുറത്തായതാണ് ഹോളണ്ടിന് തിരിച്ചടി ആയത്. ചുവപ്പ് കാർഡ് പിറക്കുമ്പോൾ കളി ഗോൾരഹിതമായി നിൽക്കുക ആയിരുന്നു.

ഗ്രൂപ്പ് ഘട്ടം പോലെ ഇന്ന് ഹോളണ്ടിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. മത്സരത്തിൽ ചെക്ക് റിപബ്ലിക്ക് ഹോളണ്ടിനൊപ്പം തന്നെ പിടിച്ചു നിന്നു. ബുഡാപെസ്റ്റിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു. എന്നാൽ ഡിലിറ്റിനെ ഹെഡർ ഗോൾ വലയ്ക്ക് അകത്തേക്ക് ആയിരുന്നില്ല പോയത്. ആദ്യ പകുതിയിലെ മികച്ച അവസരങ്ങൾ ഒക്കെ ലഭിച്ചത് ചെക്ക് റിപബ്ലിക്കിനായിരുന്നു. 21ആം മിനുട്ടിൽ സെവിക് വലതി വിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് സൗചകിന്റെ ഹെഡർ ഹോളണ്ട് ഡിഫൻസിനെ ഒരു നിമിഷം ഞെട്ടിച്ചു.

ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ബരാകിനായിരുന്നു. 38ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ചെക്ക് നടത്തിയ മുന്നേറ്റം അവസാനം ബരാകിലെത്തി. പക്ഷെ ഗോൾ വലക്കു തൊട്ടു മുന്നിൽ വെച്ച് ബരാക് എടുത്ത ഷോട്ട് ഗോൾ വലക്ക് മുകളിലൂടെ പറന്നു. ഹോളണ്ട് ഡംഫ്രൈസിലൂടെ ചില മുന്നേറ്റങ്ങൾ നടത്തി എങ്കിലും കാര്യമുണ്ടായില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ഫ്രാങ്ക് ഡി ബോറിന്റെ ടീമിനായില്ല.

രണ്ടാം പകുതി ഹോളണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. 52ആം മിനുട്ടിൽ മാലെൻ ചെക്ക് ഡിഫൻസിലെ അവസാന ലൈനും ഡ്രിബിൾ ചെയ്ത് അകറ്റി മുന്നേറിയതായിരുന്നു. ഗോളിക്കൊപ്പം വൺ ഓൺ വൺ സാഹചര്യത്തിൽ എത്തി എങ്കിലും മലാന് ഷോട്ട് എടുക്കാൻ ആയില്ല. അതിനു മുമ്പ് ചെക്ക് കീപ്പർ വാക്ലിച് പന്ത് കൈക്കലാക്കി. ഈ അവസരം നഷ്ടപ്പെടുത്തിയത് ഡച്ച് പടക്ക് വലിയ ക്ഷീണമായി.

ഇതിനു പിന്നാലെ 54ആം മിനുട്ടിൽ ഹോളണ്ടിന്റെ സെന്റർ ബാക്കായ ഡിലിറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. പാട്രിക്ക് ഷിക്കിന്റെ മുന്നേറ്റം തടയുന്നതിനിടയിൽ മനപ്പൂർവ്വം പന്ത് കൈകൊണ്ട് തട്ടി അകറ്റിയതിനാണ് ഡിലിറ്റിന് ചുവപ്പ് കാർഡ് കിട്ടിയത്. യുവന്റസ് സെന്റർ ബാക്കിന്റെ തീർത്തും അപക്വമായ ഡിഫൻഡിംഗ് ആയിരുന്നു ഇത്.

പത്തു പേരായി ചുരുങ്ങിയതോടെ ഹോളണ്ട് പ്രതിരോധത്തിലായി. 64ആം മിനുട്ടിൽ കദർബെകിന്റെ ഒരു ഷോട്ട് ഡംഫ്രൈസിന്റെ സമർത്ഥമായ ഒരു ബ്ലോക്ക് കൊണ്ട് മാത്രമാണ് ഗോളാവാതിരുന്നത്. പക്ഷെ ചെക്ക് റിപബ്ലിക്കിന്റെ ഗോളിന് അധികം സമയമെടുത്തില്ല. 68ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ചെക്ക് ലീഡ് എടുത്തു. കലാസിന്റെ ഗോൾ പോസ്റ്റിന് സമാന്തരമായ ഹെഡർ ലീപ് ചെയ്ത് ഹോൾസ് വലയിലേക്ക് തലകൊണ്ട് കുത്തി ഇടുക ആയിരുന്നു. ഹോൽസിന്റെ ഹെഡറും ഹോൾസിന് അവസരം ഒരുക്കി കൊടുത്ത കലാസിന്റെ ഹെഡറും ഒരേ പോലെ മികച്ചതായിരുന്നു.

പത്തു പേരുമായി ഹോളണ്ട് പ്രത്യാക്രമങ്ങൾക്ക് ശ്രമിച്ചു എങ്കിലും ഫുട്ബോൾ ഗ്രൗണ്ടിൽ ഒരാളുടെ കുരെഅവ് ചെറിയ കുറവല്ല എന്നത് ഡി ബോറിന്റെ ടീമിനെ തളർത്തു. 80ആം മിനുട്ടിൽ ചെക്ക് അവരുടെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ അടിച്ച ഹോൾസ് ആണ് രണ്ടാം ഗോൾ ഒരുക്കിയത്. ഒറ്റയ്ക്ക് മുന്നേറിയ ശേഷം ഹോളെസ് പെനാൾട്ടി ബോക്സിൽ വെച്ച് പന്ത് പാട്രിക്ക് ഷിക്കിന് കൈമാറി. ഈ ടൂർണമെന്റിൽ ഇതിനകം തന്നെ എല്ലാവരും തിരിച്ചറിഞ്ഞ പാട്രിക്ക് ഷിക്കിന്റെ ഇടം കാലിന് ഇന്നും പിഴച്ചില്ല. ഷിക്കിന് ഇത് ടൂർണമെന്റിലെ നാലാം ഗോളായിരുന്നു. ഇത് ചെക്ക് റിപബ്ലിക്കിന്റെ വിജയവും ഉറപ്പിച്ചു.

വിജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറിയ ചെക്ക് റിപബ്ലിക്ക് ഇനി ഡെന്മാർക്കിനെ ആകും നേരിടുക.