കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് ഇല്ലാതിരുന്നിട്ടും വിസ്മയിപ്പിക്കുന്ന പ്രകടനവും ആയി ഇന്ത്യ നാലാമത്

Wasim Akram

20220808 211727
Download the Fanport app now!
Appstore Badge
Google Play Badge 1

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഷൂട്ടിങും എന്നും മികവ് കാട്ടുന്ന അമ്പയ്ത്തും ഈ വർഷം ഇല്ലായിരുന്നിട്ടും വിസ്മയിപ്പിക്കുന്ന പ്രകടനം ബിർമിങ്ഹാമിൽ പുറത്തെടുത്തു ഇന്ത്യ. 2021 ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ് മത്സരങ്ങൾ കോവിഡ് കാരണം റദ്ദാക്കുക ആയിരുന്നു. ഈ നേട്ടങ്ങൾ മെഡൽ പട്ടികയിൽ പിന്നീട് ഉൾപ്പെടുത്താൻ ആയിരുന്നു തീരുമാനം എന്നാൽ കോവിഡ് ഇതിനു വിലങ്ങു തടിയായി. 2018 ൽ ഗോൾഡ് കോസ്റ്റിൽ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആണ് എത്തിയത്. ഇതിൽ 7 സ്വർണം അടക്കം 16 മെഡലുകൾ ആണ് ഇന്ത്യ ഷൂട്ടിങിൽ മാത്രം നേടിയത്. അവിടെയാണ് നിലവിൽ ഷൂട്ടിങ് ഇല്ലാതിരുന്നിട്ടും 22 സ്വർണം അടക്കം 61 മെഡലുകൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്.

അതിനാൽ തന്നെ ഇത്തവണ നാലാം സ്ഥാനത്ത് ആയെങ്കിലും ഇന്ത്യൻ നേട്ടത്തിന്റെ മാറ്റ് കൂടുതൽ തന്നെയാണ്. ഇതിനു പുറമെ ജാവലിൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ അഭാവവും ഇന്ത്യക്ക് വിനയായി. 61 മെഡലുകളിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഇന്ത്യ ഇത്തവണ നേടി. പരമ്പരാഗത കരുത്ത് ആയ ഗുസ്തിയിൽ 6 സ്വർണം അടക്കം 12 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. മത്സരിച്ച എല്ലാ വിഭാഗത്തിലും ഗുസ്തിയിൽ ഇന്ത്യൻ ടീം മെഡൽ കണ്ടത്തി. ഇന്ത്യയുടെ എന്നത്തേയും കരുത്ത് ആയ ദാരോദ്വഹനത്തിൽ 10 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. 3 സ്വർണം ദാരോദ്വഹനത്തിൽ ഇന്ത്യ നേടി. ഗോൾഡ് കോസ്റ്റിൽ നിന്നും മികവിലേക്ക് ഉയർന്നു ഇന്ത്യൻ താരങ്ങൾ ഈ രണ്ടു ഇനങ്ങളിലും. 3 സ്വർണം അടക്കം 7 മെഡലുകൾ ഇന്ത്യ തങ്ങളുടെ പ്രധാന ശക്തിയായ ബോക്‌സിങിലും കരസ്ഥമാക്കി.

20220808 211739

ബാഡ്മിന്റണിൽ ലഭ്യമായ 8 മെഡലുകളിൽ ആറു എണ്ണവും ഇന്ത്യൻ താരങ്ങൾ നേടി നൽകി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സ്വർണം നേടിയപ്പോൾ വനിത സിംഗിൾസിൽ പി.വി.സിന്ധുവും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. പുരുഷ ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും നേടി. പുരുഷ സിംഗിൾസിൽ കിഡമ്പി ശ്രീകാന്ത് വെങ്കലം നേടിയപ്പോൾ വനിത ഡബിൽസിലും ഇന്ത്യൻ താരങ്ങൾ വെങ്കലം നേടി. ലോൺ ബോളിൽ ചരിത്രത്തിൽ ആദ്യമായി വനിത ടീം സ്വർണം സമ്മാനിച്ചപ്പോൾ പുരുഷ ടീം വെള്ളി നേടി. ജൂഡോയിലും സ്ക്വാഷിലും രണ്ടു മെഡലുകൾ വന്നപ്പോൾ വനിത ക്രിക്കറ്റ് ടീം വെള്ളിയും വനിത ഹോക്കി ടീം വെങ്കലവും പുരുഷ ഹോക്കി ടീം വെള്ളിയും ഇന്ത്യക്ക് സമ്മാനിച്ചു. ഓസ്‌ട്രേലിയയോട് നിർഭാഗ്യം കൊണ്ടാണ് വനിത ക്രിക്കറ്റ്, ഹോക്കി എന്നിവയിൽ ഇന്ത്യൻ ടീം ഫൈനലിലും സെമിയിലും തോറ്റത്. 3 സ്വർണം അടക്കം 5 മെഡലുകൾ ആണ് ഇന്ത്യ ടേബിൾ ടെന്നീസിൽ നിന്നു നേടിയത്. ഇതിൽ വ്യക്തിഗത സ്വർണം അടക്കം 3 സുവർണ നേട്ടത്തിലും ഒരു വെള്ളി നേട്ടത്തിലും 40 കാരനായ ഇന്ത്യൻ ഇതിഹാസം ശരത് കമാൽ ഭാഗമായി.

നീരജ് കൊളുത്തിയ തീ അത്‌ലറ്റിക്സിൽ ഇന്ത്യൻ താരങ്ങളിൽ മൊത്തം പടരുന്നത് ആണ് അത്ലറ്റിക്സിൽ കാണാൻ ആയത്. 8 മെഡലുകൾ ആണ് ഇന്ത്യൻ അത്ലെറ്റുകൾ ട്രാക്കിൽ നിന്നു നേടിയത്. പുരുഷ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ അത്ലറ്റിക്സിൽ സ്വർണവും ഇന്ത്യക്ക് സമ്മാനിച്ചു. ഈ ഇനത്തിൽ തന്നെ മറ്റൊരു മലയാളി താരം അബ്ദുള്ള അബൂബക്കർ വെള്ളി നേടിയപ്പോൾ കേരളത്തിന്റെ ആകെ അഭിമാന നിമിഷം ആയി അത്. കോമൺവെൽത്ത് ഗെയിംസിലെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കെനിയൻ ആധിപത്യം ഒറ്റക്ക് വെല്ലുവിളിച്ച അവിനാഷ് സേബിൾ ഇന്ത്യക്ക് സ്വർണം പോലൊരു വെള്ളിയാണ് സമ്മാനിച്ചത്. വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടിയപ്പോൾ പുരുഷ ലോങ് ജംപിൽ വെറും മില്ലി മീറ്ററുകളുടെ വ്യത്യാസത്തിൽ ആണ് മലയാളി താരം മുരളി ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. പുരുഷ ഹൈജംപിൽ തേജ്വസിൻ ശങ്കറും, വനിത ജാവലിൻ ത്രോയിൽ അനു റാണിയും, പുരുഷന്മാരുടെ 10,000 മീറ്റർ നടത്തത്തിൽ സന്ദീപ് കുമാറും ആണ് ഇന്ത്യക്ക് അത്ലറ്റിക്സിൽ വെങ്കലം സമ്മാനിച്ചത്. ഇന്ത്യൻ അത്ലറ്റിക്സിന്റെ ഭാവി ശരിയായ പാതയിൽ ആണെന്ന് കോമൺവെൽത്ത് ഗെയിംസ് അടിവരയിട്ടു പറഞ്ഞു.

20220808 211747

ഇതിനു പുറമെ പാര പവർ ലിഫ്റ്റിങ്, പാര ടേബിൾ ടെന്നീസ് എന്നിവയിലും ഇന്ത്യൻ താരങ്ങൾ മെഡൽ നേടി. പാര പവർ ലിഫ്റ്റിങ് ഹെവി വെയിറ്റിൽ സുധീർ സ്വർണം നേടിയപ്പോൾ വനിത ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ സ്വർണവും സോനൽ ബെൻ പട്ടേൽ വെങ്കലവും നേടി. ഷൂട്ടിങ് ഇല്ലാതെ ഇന്ത്യൻ ടീം പ്രകടനം എങ്ങനെ ആവും എന്നു ഉറ്റു നോക്കിയ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രകടനം ആണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ പുറത്ത് എടുത്തത്. ഗുസ്തി, ദാരോദ്വഹനം, ബോക്സിങ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിൽ ഇന്ത്യ കരുത്ത് നിലനിർത്തിയപ്പോൾ അത്ലറ്റിക്സിൽ നീരജ് ചോപ്രക്ക് ശേഷം ഇന്ത്യ ഉണർന്നു എന്ന സൂചന തന്നെയാണ് ഇംഗ്ലണ്ടിൽ നിന്നു ലഭിക്കുന്നത്. 67 സ്വർണ മെഡലുകൾ അടക്കം 178 മെഡലുകളും ആയി ഓസ്‌ട്രേലിയ എന്നത്തേയും പോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 57 സ്വർണ മെഡലുകൾ അടക്കം 176 മെഡലുകൾ നേടിയ ഇംഗ്ലണ്ട് രണ്ടാമത് എത്തി. 26 സ്വർണ മെഡലുകൾ അടക്കം 92 മെഡലുകൾ നേടിയ കാനഡ ആണ് മെഡൽ പട്ടികയിൽ ഇന്ത്യക്ക് മുകളിൽ മൂന്നാം സ്ഥാനത്ത്. സംശയം ഇല്ലാതെ ഇന്ത്യൻ സ്പോർട്സ് മുന്നോട്ട് തന്നെയാണ് പോകുന്നത് എന്നാണ് ഈ കോമൺവെൽത്ത് ഗെയിംസ് അടിവരയിട്ടു പറയുന്നത്.