ഇറ്റ്സ് കമിംഗ് ഹോം തമാശകൾക്കും സ്വപ്നങ്ങൾക്കും അവസാനമായിരിക്കുന്നു ഇംഗ്ലണ്ട്. നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാം. ഇനി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ ഒരിക്കലും തളരാത്ത ക്രൊയേഷ്യക്കാരുടെ കഥയെ ലോകം കേൾക്കുകയുള്ളൂ. ഒരാളും പ്രവചിക്കാത്ത വീരഗാഥയാണ് ക്രൊയേഷ്യ റഷ്യൻ മണ്ണിൽ കുറിച്ചിരിക്കുന്നത്. അർജന്റീനയെ നിലം തൊടാൻ വിടാതെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയപ്പോൾ തന്നെ ഈ ക്രൊയേഷ്യയെ തിരിച്ചറിയണമായിരുന്നു.
പ്രീക്വാർട്ടർ മുതൽ ഇങ്ങോട്ട് മൂന്ന് മത്സരങ്ങൾ അതിൽ മൂന്നിലും 120 മിനുട്ട് ഫുട്ബോൾ വീതം കളിച്ച് ജയിക്കുക എന്നത് ചെറിയ കാര്യമല്ല. ഡെന്മാർക്കിനെതിരെ 116ആം മിനുട്ടിൽ പെനാൾട്ടി നഷ്ടപ്പെടുത്തി വിജയം കൈവിട്ടെന്ന് തോന്നിയ നിമിഷത്തിൽ നിന്ന് ഈ ടീം കരകയറി. ക്വാർട്ടറിൽ റഷ്യക്കെതിരെ ജയിച്ചു നിൽക്കുമ്പോൾ 115ആം മിനുട്ടിൽ വഴങ്ങിയ സമനില ഗോൾ, ഒപ്പം റഷ്യൻ ജനതയുടെ മുഴുവൻ പിന്തുണ. ഇതു രണ്ടും മറികടന്ന് ഈ ടീം വന്നു. എന്നിട്ടും ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോൾ ക്രൊയേഷ്യക്ക് ആരും ഒരു സാധ്യതയും കൽപ്പിച്ചില്ല.
ആറാം മിനുട്ടിൽ ഒരു ഗോൾ നേടി ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോഴും ക്രൊയേഷ്യൻ തിരിച്ചുവരവുണ്ടായി. ഇത്തവണയും 120 മിനുട്ടും തങ്ങളിൽ നിന്ന് അവസാന ഊർജ്ജവും ചോർന്നു പോകുന്നത് വരെ പൊരുതിക്കൊണ്ട് ക്രൊയേഷ്യ നിന്നു. ഈ മത്സരത്തിന് ഇറങ്ങും മുമ്പ് മാൻസുകിച് പറഞ്ഞതോർക്കുന്നു. “റഷ്യക്കെതിരെ കൊടുത്തതും കഴിഞ്ഞ് കുറച്ച് ഊർജ്ജം കൂടെ ഞങ്ങളിൽ ബാക്കിയുണ്ട്. അത് മുഴുവൻ ഞങ്ങൾ ഇംഗ്ലണ്ടിനെതിരെ ഉപയോഗിക്കും. എന്നിട്ടും തോൽക്കുകയാണെങ്കിലും ആർക്കും നമ്മളെ വിമർശിക്കാൻ ഒരവകാശവും ഇല്ലാ” എന്ന്. അതെ അത്രയ്ക്ക് റഷ്യയിൽ ഈ ക്രൊയേഷ്യൻ ടീം നൽകി. ആത്മസമർപ്പണത്തിന്റെ ഫുട്ബോൾ ഫീൽഡ് കാണാത്ത ഒരു കഥയാണ് ക്രൊയേഷ്യ റഷ്യയിൽ കാണിച്ചു തരുന്നത്.
1998ൽ സുക്കറും സംഘവും കളിച്ച ഫുട്ബോളുമായുമായി രണ്ട് ദശകങ്ങളായി താരതമ്യം ചെയ്യപ്പെടുകയായിരുന്നു ഒരോ ക്രൊയേഷ്യൻ ഫുട്ബോളും. ഈ ലോകകപ്പ് അതിനും ഒരന്ത്യം കുറിക്കുകയാണ്. ഇനിയും 1998ന്റെ നിഴലിലല്ല ക്രൊയേഷ്യൻ ഫുട്ബോൾ എന്ന് മോഡ്രിചിനും സംഘത്തിനും ധൈര്യമായി പറയാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
