ഗ്രൂപ്പ് ഡി യിലെ രണ്ടാം മത്സരത്തിലും ക്രൊയേഷ്യക്ക് വിജയമില്ല. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇന്ന് ചെക്ക് റിപബ്ലിക്കിനോട് സമനില വഴങ്ങുക ആയിരുന്നു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. ഇന്ന് തുല്യ ശക്തികളുടെ പോരാട്ടമാണ് ഗ്ലാസ്കോയിൽ കണ്ടത്. ചെക്ക് റിപബ്ലിക്കും ക്രൊയേഷ്യയും കളിയിൽ ഉടനീളം ഒപ്പത്തിനൊപ്പം നിന്നു. രണ്ട് ഡിഫൻസും ശക്തമായി നിന്നതു കൊണ്ട് തന്നെ അധികം അവസരങ്ങൾ മത്സരത്തിൽ പിറന്നില്ല. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ചെക് റിപബ്ലിക്കിന്റെ ഗോൾ. ചെക് സ്ട്രൈക്കർ പാട്രിക് ഷികിന്റെ ലോവ്റെൻ ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. ഷിക്ക് തന്നെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഷിക്കിന്റെ യൂറോ കപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്.
എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ക്രൊയേഷ്യക്ക് ആയി. 47ആം മിനുട്ടിൽ ക്രമാറിച് എടുത്ത ഒരു പെട്ടെന്നുള്ള ഫ്രീകിക്കാണ് ചെക്ക് റിപബ്ലിക് ഡിഫൻസിനെ വെട്ടിലാക്കിയത്. ആ ഫ്രീകിക്കിൽ നിന്ന് കിട്ടിയ പാസ് സ്വീകരിച്ച പെരിസിച് ഇടതു വിങ്ങിലൂടെ ചെക് ഡിഫൻസിലെ ഒരോരുത്തെയായി ഡ്രിബിൾ ചെയ്ത് അകറ്റി മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു. പലപ്പോഴും ഗോളിനടുത്ത് എത്തി എങ്കിലും കളിയിൽ ഒരു മൂന്നാം ഗോൾ പിറന്നില്ല.
ഈ സമനിലയോടെ ചെക്ക് റിപബ്ലിക്ക് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമത് നിൽക്കുകയാണ്. 1 പോയിന്റ് മാത്രമെ ക്രൊയേഷ്യക്ക് ഉള്ളൂ.