യുവന്റസിന് സീസണിൽ നിരാശയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഉഡിനെസെയെ ആണ് യുവന്റസ് നേരിട്ടത്. തുടക്കത്തിൽ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം യുവന്റസ് 2-2ന്റെ സമനില വഴങ്ങുന്നതാണ് ഇന്ന് കണ്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് യുവന്റസ് ഇന്ന് കളി തുടങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ഡിബാല യുവന്റസിന് ലീഡ് നൽകി. വലതു വിങ്ങിൽ നിന്ന് ബെന്റുകറിന്റെ പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഗോൾ.
പിന്നാലെ 23ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് കൊഡ്രാഡോ യുവന്റസിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ആയിരുന്നു ഉഡിനെസെയുടെ തിരിച്ചടി. 51ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ പെരേര അവരുടെ ആദ്യ ഗോൾ നേടി. സ്കോർ 1-2 എന്നായി. പിന്നാലെ 83ആം മിനുട്ടിൽ ഡെലഫെയു ഉഡിനെസെയുടെ സമനില ഗോളും നേടി. ചെസ്നിയുടെ പിഴവിൽ നിന്നായിരുന്നു ഡെലഫെയുവിന്റെ ഗോൾ.
സബ്ബായി എത്തിയ റൊണാൾഡോ ഇഞ്ച്വറി ടൈമിൽ യുവന്റസിന് വേണ്ടി വിജയ ഗോൾ നേടുകയും ആഘോഷിക്കുകയും ചെയ്തു. പക്ഷെ റൊണാൾഡോയുടെ ഗോൾ ഓഫ്സൈഡാണെന്ന് വാർ വിളിച്ചു. ഇതോടെ കളി സമനിലയിൽ അവസാനിച്ചു. ഇന്ന് യുവന്റസ് പുതിയ സൈനിംഗ് ലൊകടെല്ലി സബ്ബായി എത്തി ക്ലബിനായി അരങ്ങേറ്റം നടത്തി.