സീരി എ കിരീട പോരാട്ടത്തിൽ പിറകിൽ നിൽക്കുന്ന യുവന്റസ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്നലെ ദുർബലരായ സ്പെസിയയെ ആണ് യുവന്റസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. രണ്ടാം പകുതിയിൽ ആയിരുന്നു ഗോളുകൾ എല്ലാം പിറന്നത്. 62ആം മിനുട്ടിൽ ബെർണഡെസ്കിയുടെ ക്രോസിൽ നിന്ന് മൊറാട്ടയാണ് ആദ്യ ഗോൾ നേടിയത്. മൊറാട്ടയുടെ ഗോൾ ആദ്യം റഫറി ഓസൈഡ് വിളിച്ചിരുന്നു എങ്കിലും പിന്നീട് വാർ ഗോൾ അനുവദിക്കുക ആയിരുന്നു.
71ആം മിനുട്ടിലെ കിയേസയുടെ ഗോൾ ഒരുക്കിയത് ബെർണഡസ്കി ആയിരുന്നു. ബെർണഡെസ്കിയുടെ പാസിൽ നിന്നുഅ കിയേസയുടെ ആദ്യ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. പക്ഷെ റീബൗണ്ടിൽ കിയേസയ്ക്ക് ഫിനിഷ് ചെയ്യാൻ ആയി. 89ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. റൊണാൾഡോയുടെ ലീഗിലെ ഇരുപതാം ഗോളാണിത്. റൊണാൾഡോ ആണ് ലീഗിലെ ടോപ്സ്കോറർ.
ഈ വിജയം 24 മത്സരങ്ങളിൽ നിന്ന് യുവന്റസിനെ 49 പോയിന്റിൽ എത്തിച്ചു. രണ്ടാമതുള്ള മിലാനെക്കാൾ മൂന്ന് പോയിന്റും ഒന്നാമതുള്ള ഇന്ററിനെക്കാൾ ഏഴു പോയിന്റും പിറകിലാണ് യുവന്റസ് ഉള്ളത്.