മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരിക്കൽ കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷിച്ചു. ഇന്ന് ഓൾഡ്ട്രഫോർഡിൽ നോർവിചിനെതിരെ ഒരു ഹാട്രിക്കുമായാണ് റൊണാൾഡോ വിജയത്തിലേക്ക് ടീമിനെ നയിച്ചത്. ഒരു ഘട്ടത്തിൽ 2 ഗോളിന്റെ ലീഡ് തുലച്ച യുണൈറ്റഡ് അവസാനം 3-2ന് വിജയിക്കുകയായിരുന്നു.
ഈ സീസണിൽ കണ്ടു ശീലിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു മാറ്റവും ഇന്നത്തെ യുണൈറ്റഡ് മത്സരത്തിനും ഉണ്ടായിരുന്നില്ല. ഗംഭീരമായാണ് ഇന്ന് നോർവിചിന് എതിരെ യുണൈറ്റഡ് ലളി തുടങ്ങിയത്. ഏഴാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. എലാങ്ക നോർവിച് ഡിഫൻസിൽ നിന്ന് പന്ത് പിടിച്ചു വാങ്ങി റൊണാൾഡോക്ക് നൽകുകയായിരുന്നു. റൊണാൾഡോ അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്തു. 32ആം മിനുട്ടിൽ റൊണാൾഡോ തന്നെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.
അലക്സ് ടെല്ലസ് എടുത്ത കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. എല്ലാം നല്ലതായി എന്ന് യുണൈറ്റഡ് ആശ്വസിച്ച് ഇരിക്കെ യുണൈറ്റഡ് ഡിഫൻസ് തങ്ങൾ ഇവിടെ ഉണ്ടെന്ന് ഓർമ്മിച്ചു. 45ആം മിനുട്ടിൽ ഡൊവലിലൂടെ നോർവിചിന്റെ ആദ്യ ഗോൾ. ടീമോ പുക്കിയുടെ ക്രോസ് ഡൊവൽ ഗെഡ് ചെയ്യുമ്പോൾ അദ്ദേഹത്തെ മാർക്ക് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അത് ആരെയും അത്ഭുതപ്പെടുത്തിയതുമില്ല.
പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുക്കിയിലൂടെ നോർവിച് രണ്ടാം ഗോൾ നേടി. യുണൈറ്റഡ് ഡിഫൻസിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. എല്ലാവരും പോരാട്ടം നിർത്തി എങ്കിലും റൊണാൾഡോ നിർത്തിയിരുന്നില്ല. 76ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ യുണൈറ്റഡിന്റെ രക്ഷകനായി. ഇത്തവണ ഫ്രീകിക്കിൽ നിന്ന്. റൊണാൾഡോയുടെ മറ്റൊരു ഹാട്രിക്ക്.
ഈ ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. റൊണാൾഡോയുടെ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോളായിരുന്നു ഇത്. നേരത്തെ സ്പർസിനെതിരെയും റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. നോർവിച് അവസാന സ്ഥാനത്താണ്.