സിഡ്നി തണ്ടറിന്റെ ആവശ്യം തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

ബ്രിസ്ബെയിനില്‍ വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വിജയം വിധിക്കണമെന്ന സിഡ്നി തണ്ടറിന്റെ അപ്പീല്‍ തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ. ഷെയിന്‍ വാട്സണ്‍ നേടിയ ശതകത്തിന്റെ മികവില്‍ 186 റണ്‍സ് നേടിയ തണ്ടര്‍ ബൗളിംഗില്‍ 10 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി ബ്രിസ്ബെയിന്‍ ഹീറ്റിനെ പ്രതിരോധത്തിലാക്കിയ നിമിഷത്തിലാണ് വൈദ്യതി തടസ്സം മൂലം ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് നല്‍കുകയായിരുന്നു.

എന്നാല്‍ ഈ വിധിയ്ക്കെതിരെ അപ്പീല്‍ പോയെങ്കിലും ബിഗ്ബാഷ് 2018-19ന്റെ നിയമാവലി പ്രകാരം ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും അതിനാല്‍ തന്നെ ഇതില്‍ ഇനി ഒരു പുനഃപരിശോധന ആവശ്യമില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.