യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ- നെതർലാന്റ് ഫൈനലിന് കളം ഒരുങ്ങിയതോടെ ഇനി ലോകം കാത്തിരിക്കുന്നത് റൊണാൾഡോ- വാൻ ഡേയ്ക് പോരിന്. ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ കളിക്കാരിൽ ഒരാളും പ്രതിരോധക്കാരിൽ ഒരാളും വീണ്ടും നേർക്കുനേർ വരുമ്പോൾ അത് ഫുട്‌ബോൾ പ്രേമികൾക്ക് ആവേഷമാകും എന്ന് ഉറപ്പാണ്.
2018 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് അവസാനമായി ഇരുവരും ഏറ്റ് മുട്ടിയത്. അന്ന് ജയം റൊണാൾഡോക്ക് ഒപ്പമായിരുന്നു. അന്ന് വാൻ ഡെയ്ക്കിന്റെ ലിവർപൂളിനെ മറികടന്നാണ് റൊണാൾഡോയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഇന്ന് ഒരു വർഷങ്ങൾക്കിപ്പുറം ഇരുവരുടെയും കരിയർ ഏറെ മാറി. റൊണാൾഡോ യുവന്റസിലേക്ക് ചുവട് മാറിയപ്പോൾ ഇത്തവണ വാൻ ഡെയ്ക് 2019 ലെ ചാമ്പ്യൻസ് ലീഗ് ജേതാവിനെ മെഡലുമായാണ് എത്തുന്നത്.
സെമി ഫൈനലിൽ ഹാട്രിക്കുമായി പോർച്ചുഗലിന്റെ വിജയ ശിൽപിയായ റൊണാൾഡോയും ഓറഞ്ച് പടയുടെ പുത്തൻ പ്രതീക്ഷയായ വാൻ ഡെയ്ക്കും തമ്മിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ ഇത്തവണ വിത്യാസം അത് രാജ്യാന്തര പോരാണ്. ക്ലബ്ബിന്റെ ചുറ്റുപാടുകൾ മറന്ന് സ്വന്തം രാജ്യത്തിന് പ്രഥമ നേഷൻസ് ലീഗ് കിരീടം സമ്മാനിക്കാൻ ലോക ഫുട്‌ബോളിലെ രണ്ട് മുൻ നിരക്കാർ തങ്ങളുടെ പടയാളികൾക്ക് കൂടെ ഇറങ്ങുമ്പോൾ അത് ഫുട്‌ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ ഫുട്‌ബോൾ പൂര കാഴ്ചയാകുമെന്ന് ഉറപ്പാണ്.