കോപ ഡെൽ റേ സെമി ഫൈനലിൽ ഇന്ന് നടന്ന എൽ ക്ലാസികോ സമനിലയിൽ അവസാനിച്ചു. ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന മത്സരം 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. റയൽ മാഡ്രിഡിന് ഇത് മികച്ചൊരു ഫലം തന്നെയാണ്. തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ബാഴ്സലോണയെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം റയലിന് ഇന്നത്തെ ഫലം നൽകും.
ഇന്ന് പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്ന മെസ്സിയെ ബെഞ്ചിൽ ഇരുത്തി കൊണ്ടാണ് ബാഴ്സലോണ തുടങ്ങിയത്. തുടക്കത്തിൽ റയൽ മാഡ്രിഡിന്റെ വേഗതയ്ക്ക് മുന്നിൽ ബാഴ്സലോണ പതറുകയും ചെയ്തു. കളിയുടെ ആറാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ റയലിനായി. ബെൻസീമയുടെ മികച്ച അസിസ്റ്റിൽ നിന്ന് ലുകാസ് വാസ്കസാണ് ബാഴ്സ ആരാധകരെ നിശബ്ദതയിലാക്കിയ ആ ഗോൾ നേടിയത്.
പിന്നീട് ബാഴ്സലോണ ശക്തമായി പ്രതികരിച്ചു എങ്കിലും റയൽ കൗണ്ടറുകളിൽ തിരിച്ചും വിറപ്പിച്ചു. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ മാൽകോം ആണ് ബാഴ്സലോണയ്ക്ക് ആയി സമനില ഗോൾ നേടിയത്. റയലിന്റെ ഒരു ഗോൾ ലൈൻ ക്ലിയറൻസും കഴിഞ്ഞായിരുന്നു മാൽകോം ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോളടിച്ചത്. 63ആം മിനുട്ടിൽ തന്നെ മെസ്സി ഇറക്കി എങ്കിലും വിജയ ഗോൾ നേടാൻ ബാഴ്സലോണക്ക് ആയില്ല.