കോപ്പ ഡെൽ റേയിൽ പത്തുപേരുമായി പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. ഒരു വമ്പൻ റയൽ മാഡ്രിഡ് തിരിച്ച് വരവാണ് ഫുട്ബോൾ ആരാധകർക്ക് ഇന്ന് കാണാൻ സാധിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാർലോ ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ഇന്ന് ജയിച്ചത്. 104ആം മിനുട്ടിലെ എൽചെ ഗോളിനെ മറികടന്നാണ് റയൽ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. എൽചെക്ക് വേണ്ടി ഗോൺസാലോ വെർദു ഗോളടിച്ചപ്പോൾ ഇസ്കോയും ഈഡൻ ഹസാർഡും റയൽ മാഡ്രിഡിനായി സ്കോർ ചെയ്തു. ടെറ്റെ മൊരെന്റോയെ വീഴ്ത്തിയതിന് മാഴ്സെല്ലോ ചുവപ്പ് കാർഡ് കണ്ട് പുറത്തവുകയും ചെയ്തു.
കളിയുടെ ആദ്യ പകുതിയിൽ തന്നെ എൽചെയുടെ താരങ്ങൾ റയൽ മാഡ്രിഡ് പ്രതിരോധത്തിന് വിള്ളൽ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. വിനീഷ്യസ് ജൂനിയർ നയിച്ച റയൽ മാഡ്രിഡ് അറ്റാക്കിനും ഗോൾ കണ്ടെത്താനായില്ല. കളിയുടെ എക്സ്ട്രാ ടൈമിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഒരു ഗോളിന് പിന്നിൽ നിന്നെങ്കിലും ശക്തമായി തിരിച്ച് വരാൻ റയലിനായി. 1978ന് ശേഷം ആദ്യ ജയത്തിലേക്ക് എൽചെ പോകുമെന്ന് തോന്നിപ്പിച്ചതിന് പിന്നാലെയാണ് പകരക്കാരായി ഇറങ്ങിയ ഇസ്കോയും ഹസാർഡും റയലിന് ജയം നേടിക്കൊടുത്തത്.