കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനും സെമിയിൽ കൊളംബിയക്കും എതിരെ അർജന്റീന നായകൻ ലയണൽ മെസ്സി കളിച്ചത് പരിക്ക് വക വക്കാതെ ആയിരിന്നു എന്നു വെളിപ്പെടുത്തി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഹാംസ്ട്രിങ് ഇഞ്ച്വറി വകവെക്കാതെ ആയിരുന്നു മെസ്സി ഇരു ടീമുകൾക്കും എതിരെ 90 മിനിറ്റുകൾ പൂർത്തിയാക്കിയത്. കൊളംബിയക്ക് എതിരെ നിരവധി തവണ ഫോൾ ചെയ്യപ്പെട്ടു പരിക്കേറ്റു വീണിട്ടും മെസ്സി അർജന്റീനയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയത്തിൽ എത്തിക്കും വരെ കളത്തിൽ തുടരുക ആയിരുന്നു. ആ മത്സരത്തിൽ മാർട്ടിനസിന്റെ ഗോളിന് മെസ്സി വഴിയും ഒരുക്കി.
ഇന്ന് ബ്രസീലിനു എതിരെ അർജന്റീനയുടെ പ്രതിരോധ ഫുട്‌ബോളിൽ അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എങ്കിലും മെസ്സി തന്റെ റോൾ ഭംഗിയാക്കി എന്നു പറയാം. അതേസമയം അർജന്റീനൻ യുവ നിരയിൽ തനിക്കുള്ള വിശ്വാസം മെസ്സി ആവർത്തിച്ചു. ഇവരോട് ഒന്നിച്ചു കളിക്കാൻ തുടങ്ങിയത് മുതൽ ഇവരുടെ കഴിവ് തനിക്കു ബോധ്യം ആയത് ആണ് എന്ന് വ്യക്തമാക്കിയ മെസ്സി അത് അവർ ഇന്ന് കളത്തിൽ കാണിച്ചു എന്നും പറഞ്ഞു. സമീപകാലത്ത് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നിച്ചു നിന്ന തന്റെ കുടുബത്തെ ആണ് ജയത്തിനു ശേഷം താൻ ആദ്യം ഓർത്തത് എന്നും മെസ്സി പറഞ്ഞു. ഈ കോപ അമേരിക്ക അർജന്റീനയുടെ 28 വർഷത്തെ കിരീട ദാരിദ്ര്യത്തിനു അന്ത്യം കുറിക്കുമ്പോൾ അത് മെസ്സി അർജന്റീനയിൽ നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം ആവുന്നുണ്ട്. സ്കലോണിക്ക് കീഴിൽ മെസ്സിയുടെ ചിറകിൽ കയറി ഈ യുവനിരയും ആയി 2022 ഖത്തർ ലോകകപ്പിൽ ഒരു കൈ നോക്കാൻ ആവും ഇനി അർജന്റീന ശ്രമം.