കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ 3 ഗോളുകൾക്ക് തകർത്തു അർജന്റീന സെമി ഫൈനലിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾ എന്ന സ്‌കോർ ബോർഡ് പറയുന്ന പോലെ എളുപ്പമായിരുന്നില്ല അർജന്റീനക്ക് കാര്യങ്ങൾ പലപ്പോഴും ഇക്വഡോർ അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. ശാരീരികമായും മത്സരത്തിൽ ഇക്വഡോർ അർജന്റീനയെ നേരിട്ടു. എന്നാൽ ഈ പ്രതിരോധങ്ങൾ മറികടന്ന അർജന്റീന ലയണൽ മെസ്സിയുടെ ചിറകിൽ കയറിയാണ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ പന്ത് ഒരൽപ്പം കൂടുതൽ കൈവശം വച്ചതും കൂടുതൽ കോർണറുകൾ നേടിയതും ഇക്വഡോർ ആയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ തുറന്നത് അർജന്റീന ആയിരുന്നു. ആദ്യ പകുതിയിൽ അർജന്റീനയുടെ നിരവധി ശ്രമങ്ങൾക്ക് പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ഇടക്ക് ഇക്വഡോർ പ്രതിരോധം നൽകിയ സുവർണാവസരത്തിൽ മെസ്സി അടിച്ച പന്ത് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ 41 മത്തെ മിനിറ്റിൽ ലയണൽ മെസ്സി ഇക്വഡോർ ഗോളിയെയും പ്രതിരോധത്തെയും കബളിപ്പിച്ച് നൽകിയ അതുഗ്രൻ പാസിൽ നിന്നു റോഡ്രികോ ഡി പോൾ അർജന്റീനക്ക് ആദ്യ ഗോൾ സമ്മാനിച്ചു. ഈ കോപ അമേരിക്കയിലെ ആദ്യ ഗോൾ ആയിരുന്നു ഡി പോളിന് ഇത്, മെസ്സി നൽകുന്ന മൂന്നാം അസിസ്റ്റും.
തുടർന്ന് എന്നർ വലൻസിയയുടെ നേതൃത്വത്തിൽ ഇക്വഡോർ അർജന്റീനൻ പ്രതിരോധം പരീക്ഷിക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. ഇടക്ക് ഇക്വഡോർ നടത്തിയ ശ്രമങ്ങൾ എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി. അതിനിടെയിൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്നു ഗോൺസാലസിന്റെ ഹെഡറും തുടർന്ന് ക്ളോസ് റേഞ്ച് ഷോട്ടും അവിശ്വസനീയം ആയി രക്ഷിച്ച ഇക്വഡോർ ഗോൾ കീപ്പർ ഗലിന്ദസ് ആദ്യ പകുതി 1-0 നു തന്നെ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ഇക്വഡോർ കൂടുതൽ അപകടകാരികൾ ആയി. പലപ്പോഴും ശാരീരികമായും അർജന്റീനക്ക് മേൽ ആധിപത്യം കണ്ടത്തിയ അവർ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷെ മാർട്ടിനസിനെ മറികടക്കാൻ അവർക്ക് ആയില്ല. ഇടക്ക് ലഭിച്ച സുവർണാവസരം മുതലാക്കാൻ വലൻസിയക്കും ആയില്ല. പകരക്കാരൻ ആയി ഇറങ്ങിയ പ്ലാറ്റയും അർജന്റീന പ്രതിരോധം പരീക്ഷിച്ചു. സമ്മർദ്ദത്തിൽ ആയ അർജന്റീന സമനില ഗോൾ വഴങ്ങും എന്നു കരുതിയപ്പോൾ സ്കെലോണി ലെ സെൽസോയെ പിൻവലിച്ചു ഡി മരിയയെ കൊണ്ടു വന്നു. ഡി മരിയ വന്ന ശേഷം വീണ്ടും അവസരങ്ങൾ തുറക്കുന്ന അർജന്റീനയെ കാണാൻ ആയി.
85 മിനിറ്റിൽ ഇക്വഡോർ പ്രതിരോധ താരത്തെ ഡി മരിയ സമ്മർദ്ദത്തിൽ ആക്കിയപ്പോൾ ലഭിച്ച പന്ത് മനോഹരമായി ലൗട്ടാര മാർട്ടിനസിന് മെസ്സി മറിച്ചു നൽകിയപ്പോൾ അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നു. ടൂർണമെന്റിലെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മാർട്ടിനസ് അർജന്റീന ജയം ഉറപ്പിച്ചു. മെസ്സിയുടെ കളിയിലെ രണ്ടാം അസിസ്റ്റ്. 90 മിനിറ്റിൽ മാർട്ടിൻ ഹിൻകപി ഡി മരിയയെ വീഴ്‌ത്തിയതിനു റഫറി പെനാൽട്ടി വിധിച്ചു എങ്കിലും വാറിനു ശേഷം അത് ഫ്രീ കിക്ക് ആയി അനുവദിക്കുകയും ഗോൾ അവസരം തടഞ്ഞതിനു താരത്തെ ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയും ചെയ്തു. തുടർന്ന് ലഭിച്ച ഫ്രീ കിക്ക് അതിമനോഹരമായി വലയിൽ എത്തിച്ച മെസ്സി അർജന്റീനക്ക് 3-0 ന്റെ വലിയ ജയം സമ്മാനിച്ചു. ഇതോടെ പെലെയുടെ രാജ്യത്തിനു ആയുള്ള 77 ഗോളുകൾ എന്ന റെക്കോർഡിനു ഒരു ഗോൾ മാത്രം പിറകിലെത്തി മെസ്സി. ടൂർണമെന്റിലെ മെസ്സിയുടെ നാലാം ഗോളും രണ്ടാം ഫ്രീകിക്ക് ഗോളും ആയിരുന്നു ഇത്. 2 അസിസ്റ്റുകൾ നൽകിയ മെസ്സി ലോകകപ്പിലും കോപ അമേരിക്കയിലും ആയി ഇത് വരെ നൽകിയത് 21 അസിസ്റ്റുകൾ ആയി ഇതോടെ, ഇതും പുതിയ റെക്കോർഡ് ആയി. മെസ്സിയുടെ മികവിൽ വലിയ ജയം നേടിയെങ്കിലും ഇക്വഡോർ കയ്യടി അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിയത്. സെമിഫൈനലിൽ കൊളംബിയ ആണ് അർജന്റീനയുടെ എതിരാളികൾ.