Local Sports News in Malayalam

എമി മാർട്ടിനസ് – അത്രമേൽ കാത്തിരുന്നവനാണ്,അർജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുക അവന്റെ നിയോഗമോ?

കൊളംബിയക്ക് എതിരായ കോപ അമേരിക്കൻ സെമിഫൈനൽ കഴിഞ്ഞു ക്യാപ്റ്റൻ ലയണൽ മെസ്സി 3 പെനാൽട്ടികൾ രക്ഷിച്ചു ടീമിന്റെ രക്ഷകൻ ആയ, ഫൈനലിൽ എത്തിച്ച ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ ചേർത്ത് പിടിച്ചു കെട്ടിപിടിക്കുന്നുണ്ട്. ശരിക്കും ലയണൽ മെസ്സിയിലൂടെ അപ്പോൾ പ്രകടമായത് ചിലപ്പോൾ ഓരോ അർജന്റീന ആരാധകരുടെയും വികാരം ആയിരുന്നു. പിന്നീട് മാർട്ടിനസ് ഗോളിന് മുന്നിലെ ബീസ്റ്റ് ആണെന്ന് പ്രതികരിച്ച മെസ്സി താരം 2 പെനാൽട്ടികൾ എങ്കിലും രക്ഷിക്കും എന്ന ഉറപ്പ് തനിക്ക് ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. 1993 നു ശേഷം അന്താരാഷ്ട്ര കിരീടം എന്ന വലിയ സ്വപ്നം ചിലപ്പോൾ തങ്ങളുടെ ജീവിതകാലം മൊത്തം അത് പേറുന്ന അർജന്റീന ആരാധകർക്ക് മറ്റൊരു അന്താരാഷ്ട്ര കിരീടത്തിലേക്കുള്ള കലാശ പോരാട്ടത്തിലേക്ക് ടിക്കറ്റ് എടുത്ത് നൽകുന്ന മാർട്ടിനസ് അവർക്ക് പകരുന്നത് ജീവശ്വാസം തന്നെയാണ്. കഴിഞ്ഞ മാസം മാത്രം അർജന്റീന ജേഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുന്ന ഈ 28 കാരൻ ശരിക്കും അർജന്റീനക്ക് പകരുന്നത് അവരുടെ കാത്തിരിപ്പിന് അവസാനം ആകുമെന്ന ആത്മവിശ്വാസം ആണ്. ലയണൽ മെസ്സി കളം നിറഞ്ഞാടുമ്പോൾ ഗോൾ വലക്ക് മുന്നിൽ മാർട്ടിനസ് അവർക്ക് അത്രമേൽ ആത്മവിശ്വാസം തന്നെയാണ് പകരുന്നത്

ഗോൾ വലക്ക് മുന്നിൽ ഇത്ര ആത്മവിശ്വാസത്തോടെ, ചിലപ്പോൾ ഇത്തിരി അഹങ്കാരത്തോടെ പലപ്പോഴും ഭയം ഒട്ടുമില്ലാതെ നിൽക്കുന്ന മാർട്ടിനസ് ഒരു കാഴ്ച തന്നെയാണ്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ടോട്ടൻഹാം താരം ഡേവിസൻ സാഞ്ചസിനോടും എവർട്ടൺ താരം യൂരി മിനയോടും മാർട്ടിനസ് നടത്തിയ മൈന്റ് ഗെയിമുകൾ പറയുന്നുണ്ട് അയ്യാൾ എന്താണ് എന്ന്. വെറും 7 മത്സരങ്ങൾ അർജന്റീനക്ക് ആയി കളിച്ച ഈ കഴിഞ്ഞ ജൂണിൽ മാത്രം അർജന്റീനക്ക് ആയി അരങ്ങേറുന്ന മാർട്ടിനസിനും ഉണ്ട് അർജന്റീനയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് എന്ന പോലൊരു കാത്തിരിപ്പ്. ഏതാണ്ട് ഒന്നിലേറെ പതിറ്റാണ്ട് കാലം മാർട്ടിനസ് കാത്തിരിക്കുക ആയിരുന്നു ടീമിലെ ഒരു സ്ഥാനത്തിന് കളത്തിലെ ഒരു അവസരത്തിനു. അർജന്റീനൻ ക്ലബ് ഇന്റിപെന്റനിലെ 2 വർഷത്തെ യൂത്ത് കരിയറിന് ശേഷം മാർട്ടിനസ് 2011 ൽ എത്തുന്നത് സാക്ഷാൽ ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്ബിലേക്ക് ആണ്. അർജന്റീനയിൽ നിന്നു വെറും പതിനാറാം വയസ്സിൽ ഇംഗ്ലണ്ടിലെ വലിയ ക്ലബ്ബിലേക്ക് ഒരു പറിച്ചു നടൽ. ഉറപ്പായിട്ടും പഠിച്ച് എടുക്കാൻ ഒരുപാട് ഉണ്ടായിരുന്നു മാർട്ടിനസ് എന്ന ഗോൾ കീപ്പർക്ക്, മാർട്ടിനസ് എന്ന മനുഷ്യന്.

2012 ആഴ്‌സണലിന് ആയി ഒരു മത്സരം പോലും കളിക്കും മുമ്പ് വായ്പ അടിസ്ഥാനത്തിൽ മാർട്ടിനസ് ഓക്സ്ഫോർഡ് യുണൈറ്റഡിലേക്ക് ആണ്. അയ്യാളുടെ ആഴ്‌സണൽ കരിയറിൽ അയ്യാളുടെ ആദ്യ ലോൺ മാറ്റം. പിന്നീട് ഇംഗ്ലീഷ് ക്ലബുകൾ ആയ ഷെഫീൽഡ് വെനഡ്‌സ്‌ഡേയും, രോതർഹാം യുണൈറ്റഡും, വോൾവ്സും, റെഡിങ്ങും സ്പാനിഷ് ക്ലബ് ഗെറ്റാഫയും അടക്കം 6 ക്ലബുകളിൽ അയ്യാൾ വായ്പ അടിസ്‌ഥാനത്തിൽ കളിക്കുന്നുണ്ട്. ഓക്സ്ഫോർഡിനു ആയി ഒരൊറ്റ മത്സര ശേഷം അയ്യാൾ തിരിച്ചു ആഴ്സണലിൽ എത്തുന്നു. ലീഗ് കപ്പിൽ അരങ്ങേറ്റവും ലഭിക്കുന്നു. തുടർന്ന് വീണ്ടും ലോൺ നീക്കം. ഇതിനിടയിൽ ആഴ്സണൽ യൂത്ത് ടീമിലും കളിക്കുന്നു. 2014 ലിൽ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ കളിക്കുന്ന മാർട്ടിനസ് മുഖ്യ രണ്ടു ഗോൾ കീപ്പർമാർക്കും പരിക്കേറ്റതിനാൽ പ്രീമിയർ ലീഗ് അരങ്ങേറ്റവും നടത്തുന്നുണ്ട്. എന്നാൽ തുടർന്നും ക്ലബുകളിൽ നിന്നു ക്ലബുകളിലേക്ക് ലോണിൽ കളിക്കാൻ ആയിരുന്നു അയ്യാളുടെ നിയോഗം. ഏതാണ്ട് 10 കൊല്ലം അടുത്ത് ആഴ്‌സണലിൽ ഇങ്ങനെ കളിച്ച മാർട്ടിനസിനെ 2019 ൽ രണ്ടാം ഗോൾ കീപ്പർ ആയി ഉയർത്തുന്നതോടെയാണ് കഥയിൽ ആദ്യ ട്വിസ്റ്റ് വരുന്നത്. തുടർന്ന് 2020 ജൂണിൽ ബ്രൈറ്റന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ ഗോൾ കീപ്പർ ബെർഡ് ലെനോക്ക് ഏൽക്കുന്ന പരിക്ക് ആണ് കഥയിലെ രണ്ടാം ട്വിസ്റ്റ്.

2016 നു ശേഷം അയ്യാൾ ഒരു പ്രീമിയർ ലീഗ് മത്സരത്തിനു പകരക്കാരൻ ആയെങ്കിലും 2020 തിൽ ഇറങ്ങുന്നു. ആഴ്‌സണൽ തോറ്റ മത്സരത്തിൽ അവസാന നിമിഷം മാർട്ടിനസ് ഗോൾ വഴങ്ങുന്നുണ്ട്. എന്നാൽ കഥയിലെ പുതിയ ട്വിസ്റ്റ് അവിടെ ആരംഭിക്കുക ആയിരുന്നു. ആഴ്‌സണൽ മറക്കാൻ ആഗ്രഹിക്കുന്ന ആ സീസണിൽ ഉനയ് എമറെക്ക് പകരക്കാരൻ ആയി മൈക്കൾ ആർട്ടെറ്റ സീസൺ പകുതിയിൽ ആഴ്‌സണൽ പരിശീലകൻ ആയ ഒന്നും ഓർക്കാൻ ഇല്ലെന്നു ആഴ്സണൽ ആരാധകർ കരുതിയ ആ സീസണിൽ അവരെ തേടി പതിനാലാം എഫ്.എ കപ്പ് എത്തുകയാണ്. അതിനു മുഖ്യ പങ്ക് വഹിച്ചു സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കും ഫൈനലിൽ ചെൽസിക്കും എതിരെ നിർണായക രക്ഷപ്പെടുത്തലുകളും ആയി കളം നിറഞ്ഞത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു. 10 കൊല്ലത്തിന് ശേഷം നീണ്ട ആ കാത്തിരിപ്പിന് ശേഷം ലഭിച്ച ആ ട്രോഫി ഉയർത്തി അയ്യാൾ കളത്തിൽ ഇരുന്നു കരയുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു. 10 വർഷങ്ങൾക്ക് ശേഷം അയ്യാൾ ആ ക്ലബിൽ തനിക്ക് ഒരു സ്ഥാനം ഉണ്ടെന്നു അടയാളപ്പെടുത്തിയ നിമിഷം കൂടിയായിരുന്നു അത്.

എന്നാൽ കഥയിൽ ട്വിസ്റ്റ് അവിടെയും തീർന്നിട്ടില്ലായിരുന്നു. അത്രമേൽ നന്നായി സീസൺ രക്ഷിച്ച മാർട്ടിനസ് ആവുമോ വലിയ തുകക്ക് ടീമിൽ എത്തിയ ലെനോ ആവുമോ അടുത്ത സീസണിലെ ആദ്യ ഗോൾ കീപ്പർ എന്ന ചോദ്യത്തിന് ആർട്ടെറ്റ ലെനോ എന്ന ഉത്തരം നൽകിയപ്പോൾ കമ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനു എതിരെ ജയം സമ്മാനിച്ച ശേഷം മാർട്ടിനസ് ആഴ്‌സണലിൽ നിന്നു ഒരിക്കൽ കൂടി വിട പറഞ്ഞു, ഇത്തവണ പക്ഷെ അയ്യാൾ പൂർണമായും ആസ്റ്റൻ വില്ല താരമായാണ് കൂടുമാറിയത്. 10 വർഷത്തിൽ വെറും 15 തവണ മാത്രം ആഴ്‌സണൽ ആദ്യ ടീമിൽ കളിച്ച മാർട്ടിനസ് പക്ഷെ എഫ്.എ കപ്പ് സമ്മാനിച്ചു ഒരു നായകൻ ആയി തന്നെയാണ് ആഴ്‌സണൽ വിടുന്നത്. 20 മില്യൺ പൗണ്ടിന് വില്ലയിൽ എത്തുന്ന അയ്യാളുടെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ് പക്ഷെ അവിടെ തുടങ്ങുക ആയിരുന്നു. ഷെഫീൽഡ് യുണൈറ്റഡിനു എതിരായ ആദ്യ മത്സരത്തിൽ പെനാൽട്ടി രക്ഷിച്ചു വില്ലക്ക് ആയി പ്രീമിയർ ലീഗിൽ അരങ്ങേറിയ അയ്യാൾ പുതു ചരിത്രം എഴുതാൻ തുടങ്ങുക ആയിരുന്നു. സീസൺ അവസാനിച്ചപ്പോൾ 15 ക്ലീൻ ഷീറ്റുകളും ആയി അയ്യാൾ ഒരു വില്ല കീപ്പർ നേടുന്ന ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ ആവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെ ലോകോത്തര പ്രതിരോധത്തിനു പിറകിൽ നിൽക്കുന്ന എഡേഴ്സന് മാത്രം പിറകിൽ അയ്യാൾ ലീഗിലെ മികച്ച രണ്ടാം ഗോൾ കീപ്പറും ആവുന്നു. സീസണിൽ വില്ലയുടെ ആരാധകർ അവരുടെ ആ സീസണിലെ താരം ആയതും മറ്റാരും ആയിരുന്നില്ല. 11 സ്ഥാനത്ത് വില്ല സീസൺ അവസാനിപ്പിച്ചപ്പോൾ ആഴ്‌സണലിന് എതിരായ 2 മത്സരങ്ങളിലും ഗോൾ വഴങ്ങാതെ ടീമിനെ ജയത്തിലും എത്തിക്കുന്നുണ്ട് മാർട്ടിനസ്, അങ്ങനെ അയ്യാൾ ആർട്ടെറ്റക്ക് മറുപടിയും നൽകുന്നു.
സീസണിൽ പ്രതിരോധം വലിയ തലവേദന ആയപ്പോൾ,ലെനോ മണ്ടത്തരങ്ങൾ കൊണ്ടു വാർത്ത ആയപ്പോൾ പതിറ്റാണ്ടുകളിലെ ഏറ്റവും മോശം അവസ്ഥയിൽ ആണ് ആഴ്‌സണൽ സീസൺ അവസാനിപ്പിക്കുന്നത്.

ആഴ്‌സണൽ സമീപകാലത്ത് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം അത് മാർട്ടിനസിനെ വിട്ട് കളഞ്ഞത് ആണ് എന്നു പരാതിപ്പെടുന്ന ആഴ്‌സണൽ ആരാധകർ ആർട്ടെറ്റയെ രൂക്ഷമായി വിമർശിക്കുന്നതും പിന്നീട് കണ്ടു. കരിയറിൽ മുമ്പ് രണ്ടു തവണ ടീമിൽ വിളി കിട്ടിയിട്ടും അരങ്ങേറ്റം ലഭിക്കാതിരുന്ന മാർട്ടിനസിന്റെ ഈ ഉജ്ജ്വല ഫോമിൽ വീണ്ടും ഒഴിവാക്കാൻ പക്ഷെ അർജന്റീനക്ക് ആവുമായിരുന്നില്ല. കഴിഞ്ഞ മാസം മൂന്നിന് ചിലിക്ക് എതിരായ ലോകകപ്പ് അരങ്ങേറ്റം മുതൽ ഇത് വരെ കളിച്ച 7 കളികളിൽ സമീപകാലത്ത് അർജന്റീന നേരിടുന്ന വലിയ പ്രതിസന്ധിയായ ഗോൾ കീപ്പർ എന്ന പ്രതിസന്ധിക്ക് താനാണ് ഉത്തരം എന്നു അയ്യാൾ അടിവരയിട്ടു പറയുകയാണ്. യൂത്ത് ടീമിൽ നിന്നു ആദ്യ ടീമിലേക്ക് അവിടെ മൂന്നാം ഗോളിയിലേക്ക് രണ്ടാം ഗോളിയിലേക്ക് അവസാനം ഒന്നാം ഗോളിയിലേക്ക് അവിടെ നിന്നു ടീമിൽ ഉറപ്പുള്ള ഒരു സ്ഥാനത്തിന് ആയി എമിലിയാനോ മാർട്ടിനസ് കാത്തതിരുന്നത് ഒന്നും രണ്ടും വർഷങ്ങൾ അല്ല ഏതാണ്ട് 10 വർഷം ആണ്. അതിനാൽ തന്നെ മടുപ്പിക്കുന്ന ആത്മവിശ്വാസം തകർക്കുന്ന ആ കാത്തിരിപ്പിന്റെ വേദനയും പ്രയാസവും എല്ലാം അയ്യാൾക്ക് നന്നായി അറിയാം, ഒടുവിൽ ആ കാത്തിരിപ്പ് അയ്യാൾ നിരന്തര പരിശ്രമം കൊണ്ടു അവസാനിപ്പിക്കുന്നതും നാം കണ്ടു. ഇനി ചോദ്യം ഉറപ്പായിട്ടും ഒരൊറ്റ ഒന്നാണ് വർഷങ്ങൾ നീണ്ട ഏതാണ്ട് മൂന്നു പതിറ്റാണ്ടു നീണ്ട അർജന്റീനയുടെ ആ വലിയ കാത്തരിപ്പ് അവസാനിപ്പിക്കാൻ ഒരു അന്താരാഷ്ട്ര കിരീടത്തിനു ആയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ മാറക്കാനയിൽ ബ്രസീലിനു എതിരെ അവസാനിപ്പിക്കാൻ എമിലിയാനോ മാർട്ടിനസിന് സാധിക്കുമോ എന്നത്. നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

You might also like