ഇത്തവണത്തെ കോപ അമേരിക്കയിൽ ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധിയാണ്. ആദ്യം കൊളംബിയയിലെ മത്സരങ്ങൾ മാറ്റി, പിന്നീ അർജന്റീനയിലെ മത്സരവും മാറ്റി. അവസാനം കൊറോണ കാരണം ഏറ്റവും കഷ്ടപ്പെടുന്ന ബ്രസീലിൽ വെച്ച് കളി നടത്താൻ തീരുമാനം ആയി. ബ്രസീലിൽ വെച്ച് കളി നടത്തുന്നത് പേടിപ്പെടുത്തുന്നു എന്ന് അർജന്റീന പോലുള്ള ടീമുകൾ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബ്രസീൽ ടീം തന്നെ ബ്രസീലിൽ കളി നടത്തുന്നതിനെതിരെ രംഗത്ത് വരികയാണ്.
ബ്രസീൽ താരങ്ങളിൽ ഭൂരിഭാഗവും ബ്രസീലിലേക്ക് കോപ അമേരിക്ക മാറ്റിയതിൽ രോഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. അവർ കോപ അമേരിക്കയിൽ കളിക്കില്ല എന്നാണ് പരിശീലകനെ അറിയിച്ചിരിക്കുന്നത്. യൂറോപ്പിൽ കളിക്കുന്ന താരങ്ങളാണ് ബ്രസീൽ സ്ക്വാഡിൽ ഈ ഭീതി പങ്കുവെക്കുന്നത്. അവരുടെ ആരോഗ്യം ഭീഷണിയിലാക്കി രാജ്യത്തിനായി കളിക്കാൻ ആകില്ല എന്ന് താരങ്ങൾ പറയുന്നു. ലാറ്റിനമേരിക്കയിൽ തന്നെയുള്ള ടീമുകൾക്കായി കളിക്കുന്ന താരങ്ങൾക്ക് ബ്രസീലിൽ കളിക്കുന്നത് ഒരു സാധാരണ കാര്യം മാത്രമാണ്.
യൂറോപ്പിലെ വൻ ക്ലബുകൾ താരങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടാണ് ഇത്തരം ഒരു പ്രശ്നം ഉടലെടുത്തത് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വിമർശിക്കുന്നു. ബ്രസീൽ ടീം ഇപ്പോൾ ഈ വിഷയം ചർച്ച ചെയ്യുകയാണ് എന്ന് പരിശീലകൻ ടിറ്റെ പറഞ്ഞു. ഇപ്പോൾ ടീം ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരുങ്ങുന്നത് എന്നും ബാക്കി പിന്നീട് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു