ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ താജികിസ്താനെ ആണ് നേരിടുന്നത്. നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെയും താജികിസ്താനെയും കൂടാതെ സിറിയ, കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാ ടീമുകളും പരസ്പരം ഒരോ മത്സരം കളിക്കും. അതിനു ശേഷം ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്നവർ ഫൈനൽ കളിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ഇന്ത്യ ആയിരുന്നു കോണ്ടിനെന്റൽ കപ്പ് ഉയർത്തിയത്. ഇത്തവണ കരുത്തരായ ടീമുകളാണ് ഉള്ളത് എന്നതു കൊണ്ട് തന്നെ ഇന്ത്യക്ക് കിരീടം നിലനിർത്തുക അത്ര എളുപ്പമാകില്ല. സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം ടൂർണമെന്റാണ് ഇത്. ഈ ടൂർണമെന്റിലാകും സ്റ്റിമാചിന്റെ പരിശീലകനായുള്ള പ്രകടനം കൂടുതൽ വിലയിരുത്തപ്പെടുക.
മലയാളികളായ മൂന്ന് താരങ്ങൾ ഉൾപ്പെടെയുള്ള ടീമാണ് കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്കായി ഇറങ്ങുക. ജോബി ജസ്റ്റിൻ, സഹൽ, അനസ് എന്നിവർ ഇന്ന് ടീമിൽ ഇടം പിടിക്കും എന്നാണ് കരുതുന്നത്. അനസും സഹലും ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. വിരമിക്കൽ തീരുമാനം പിൻവലിച്ച അനസിന്റെ ആദ്യ മത്സരമാകും ഇത്. ഇന്മ് രാത്രി 8ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്ക തത്സമയം കാണാം. ഏഷ്യാനെറ്റ് പ്ലസിൽ മലയാളം കമന്ററിയോടെ കളി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.