ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ദിനങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ടോട്ടൻഹാമിനു മോശം ദിനങ്ങൾ. കഴിഞ്ഞ മത്സരത്തിൽ സൗതാപ്റ്റണോടു തോൽവി വഴങ്ങിയ അവർ ഇന്ന് സ്വന്തം മൈതാനത്ത് വോൾവ്സിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളുകൾക്ക് ആണ് കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് പൊരുതി തോറ്റ ബ്രൂണോ ലാർജിന്റെ ടീം ജയം കണ്ടത്. ജനുവരിയിൽ ടീമിൽ എത്തിയ ബെന്റക്കർ ആദ്യ പതിനൊന്നിലും കുലുസെവ്സ്കി പകരക്കാരൻ ആയി ഇറങ്ങിയെങ്കിലും ടോട്ടൻഹാമിനു പരാജയം ഒഴിവാക്കാൻ ആയില്ല. വോൾവ്സിന് ആയി റൂബൻ നെവസും ഡൻന്റക്കറും കളം നിറഞ്ഞു കളിച്ചപ്പോൾ ഡാനിയേൽ പോഡൻസ് ടോട്ടൻഹാമിനു വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ലോറിസ് രക്ഷപ്പെടുത്തിയ പന്ത് മികച്ച ഒരു വോളിയിലൂടെ വലയിൽ എത്തിച്ച റൗൾ ഹിമനസ് ആണ് വോൾവ്സിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് പതിനെട്ടാം മിനിറ്റിൽ ഗോളിന് തൊട്ടു മുമ്പ് ഗോൾ കണ്ടത്തിയ ഡൻന്റക്കർ വോൾവ്സിന് രണ്ടാം ഗോളും സമ്മാനിച്ചു. ആദ്യ പകുതിയിൽ വോൾവ്സിനെ വലിയ രീതിയിൽ പരീക്ഷിക്കാൻ ആവാത്ത ടോട്ടൻഹാം രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു ആണ് ഇറങ്ങിയത്. ഇടക്ക് ലഭിച്ച സുവർണ അവസരം ഹിമനസിന് ഗോൾ ആക്കി മാറ്റാൻ ആവാത്തത് വോൾവ്സിന് നിരാശയായി. സോണും, കെയിനും, മൊറയും അടക്കം ടോട്ടൻഹാം താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചിട്ടും കോഡിയും, സെയിസും, കിൽമാനും അടങ്ങുന്ന വോൾവ്സ് പ്രതിരോധം പിടിച്ചു നിന്നു. പലപ്പോഴും മികച്ച രക്ഷപ്പെടുത്തലുകൾ വോൾവ്സ് ഗോൾ കീപ്പർ ജോസെ സായും നടത്തി. അവസാന നിമിഷങ്ങളിൽ സായുടെ അബദ്ധം മുതലാക്കാനും ടോട്ടൻഹാമിനു ആയില്ല. ജയത്തോടെ ലീഗിൽ ടോട്ടൻഹാമിനെ മറികടന്നു ഏഴാം സ്ഥാനത്ത് എത്താൻ വോൾവ്സിന് ആയി.