താന്‍ എറിയുന്ന അടുത്ത പന്തിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളു

Sports Correspondent

എറിയുവാനുള്ള അടുത്ത പന്തിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളുവെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ സൂപ്പര്‍ ഓവര്‍ വിജയം നേടിയപ്പോള്‍ സ്വന്തമാക്കിയ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റു വാങ്ങി സംസാരിക്കവെയാണ് മുംബൈയുടെ താരം ഈ അഭിപ്രായം പങ്കുവെച്ചത്.

തന്റെ നാലോവര്‍ സ്പെല്ലില്‍ 31 റണ്‍സ് വഴങ്ങിയ ബുംറ 2 വിക്കറ്റ് നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വെറും 8 റണ്‍സിനു സണ്‍റൈസേഴ്സ് ഇന്നിംഗ്സിനെ പിടിച്ചുകെട്ടുവാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. താന്‍ അടുത്ത എറിയേണ്ട പന്തിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളുവെന്നാണ് ബുംറ പറഞ്ഞത്. സമ്മര്‍ദ്ദം എപ്പോളും ഉണ്ടാകും എന്നാല്‍ ഇത്തരത്തില്‍ മത്സരത്തെ സമീപിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ജസ്പ്രീത് ബുംറ കൂട്ടിചേര്‍ത്തു.

ടീമിലെ സീനിയര്‍ താരങ്ങള്‍ ഇതുപോലെ സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ എന്നും സഹായവുമായി എത്താറുണ്ടെന്നും ബുംറ പറഞ്ഞു. എന്നാല്‍ അവസാനം ഇതെല്ലാം പന്തെറിയുന്നയാളുടെ തീരുമാനങ്ങളാണ്, അതിനെ വിശ്വസിച്ച് പന്തെറിയുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ജസ്പ്രീത് ബുംറ പറഞ്ഞു.