കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനും ആരാധകർ ഉണ്ടാകില്ല

Newsroom

അടുത്ത സീസണിലെ ഇംഗ്ലണ്ടിലെ ആദ്യ ഫുട്ബോൾ മത്സരമാകുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് ആരാധകരെ പ്രവേശിപ്പിക്കില്ല. ഓഗസ്റ്റ് 29നാണ് കമ്മ്യൂണിറ്റി ഷീൽഡ് മത്സരം നടക്കുന്നത്. ആഴ്സണലും ലിവർപൂളും തമ്മിൽ വെംബ്ലിയിൽ വെച്ചാണ് കമ്മ്യൂണിറ്റി ഷീൽഡ് മത്സരം നടക്കുക. ആരാധകരെ പ്രവേശിപ്പിക്കണം എങ്കിൽ ഈ വർഷം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ബ്രിട്ടണിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ഫുട്ബോളിൽ മാത്രമല്ല ഒരു കായിക ഇനം കാണാനും കാണികൾ വരേണ്ടതില്ല എന്നാണ് ഗവണ്മെന്റിന്റെ തീരുമാനം. ഇനി വെറും രണ്ടാഴ്ച മാത്രമെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനുള്ളൂ. താരങ്ങൾക്ക് ലഭിക്കുന്ന വിശ്രമം കുറവായതിനാൽ ആഴ്സണലും ലിവർപൂളും അവരുടെ റിസേർവ്സ് താരങ്ങളെ അണിനിരത്തി ആകും ഇത്തവണ കമ്മ്യൂണിറ്റി ഷീൽഡ് കളിക്കുക. ഈ സീസണിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയും ആഴ്സണൽ എഫ് എ കപ്പ് നേടിയുമാണ് കമ്മ്യൂണിറ്റി ഷീൽഡ് കളിക്കാൻ യോഗ്യത നേടിയത്.