കോയിന്‍ ടോസിനു വിട, ഇനി “ബാറ്റ് ഫ്ലിപ്പ്”

Sports Correspondent

പുതിയ സീസണ്‍ ബിഗ് ബാഷില്‍ പരമ്പരാഗതമായ കോയിന്‍ ടോസിനു വിടപറയല്‍ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പകരം ബാറ്റ് ഫ്ലിപ്പാവും ടോസ് തീരുമാനിക്കുക. ഹെഡ്സ്, ടെയില്‍സ് എന്ന് ക്യാപ്റ്റന്മാര്‍ വിളിക്കുന്നത് അവസാനിപ്പിച്ച് ഹില്‍സ്, ഫ്ലാറ്റ്സ് എന്നാവും ടോസില്‍ വിളിക്കുക. ബിഗ് ബാഷിനെ കൂടുതല്‍ ജനകീയമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയില്‍ കുട്ടികള്‍ പോലും ബാറ്റ് ഫ്ലിപ്പിലൂടെയാണ് കളിയിലെ തീരുമാനമെടുക്കുന്നതെന്നാണ് ബിഗ് ബാഷ് ലീഗിന്റെ തലവനായ കിം മക്കോണി പറഞ്ഞത്.

പുതിയ തരം ബാറ്റുകളാവും ടോസിനായി ഉപയോഗിക്കുക എന്നും ബിഗ് ബാഷ് അറിയിച്ചിട്ടുണ്ട്. സാധാരണ ബാറ്റുകളില്‍ ഫ്ലാറ്റ് വശത്ത് വീഴുവാനുള്ള സാധ്യത കൂടുതലായതിനാല്‍ ആ ഗുണം ഒഴിവാക്കുവാനായാണ് ബിഗ് ബാിന്റെ തീരുമാനം. പ്രത്യേക ഭാരമുള്ള ബാറ്റില്‍ ഇരു വശത്തിനും തുല്യമായ സാധ്യത കല്പിക്കുന്ന സംവിധാനത്തിനു ശാസ്ത്രത്തിന്റെ ഉപയോഗവും ഉണ്ടെന്നാണ് മക്കോണി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈറ്റ് കത്തുന്ന ബെയിലുകള്‍(സിംഗ് ബെയിലുകള്‍) ക്രിക്കറ്റില്‍ കൊണ്ടു വന്നതും ബിഗ് ബാഷ് ആയിരുന്നു.