ഫുട്ബോൾ പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിച്ച ഫിഫ ലോകകപ്പ് മാമാങ്കത്തിന് അവസാനം. ഒരു മാസക്കാലമായി ഒരോ രാജ്യത്തിന് പിന്നിൽ അണിനിരന്നവർക്ക് ഇനി ക്ലബുകൾക്ക് പിന്നിൽ അണിനിരക്കാം. ലോകകപ്പ് കാരണം ഇടവേളയിൽ ആയിരുന്ന ക്ലബ് ഫുട്ബോൾ ലോകം ഈ ആഴ്ച മുതൽ തന്നെ ഉണരും.
ഇന്ത്യൻ സൂപ്പർ ലീഗ് പോലെ ലോകകപ്പിന് ഇടവേള ഇല്ലാതിരുന്ന ലീഗുകൾക്ക് ഈ ലോകകപ്പ് വലിയ തിരിച്ചടി ആയിരുന്നു. കേരള ബ്ലാസ്റ്റേഴിന്റെ മത്സരം ഒഴിച്ച് ബാക്കി മത്സരങ്ങൾ ഒന്നും കാണാൻ ഗ്യാലറിയിലോ സ്റ്റ്രീമിങ് പ്ലാറ്റ്ഫോമുകളിലോ ആളുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇനി ഐ എസ് എല്ലിന് അതിന്റെ ആരാധകരെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാം.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്. തുടർച്ചയായ ആറാം വിജയം നേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൽ വെച്ച് ചെന്നൈയിനെ നേരിടും.
യൂറോപ്യൻ ഫുട്ബോളിൽ ആദ്യം അരങ്ങ് ഉണരുന്നത് ഇംഗ്ലണ്ടിൽ ആണ്. അവിടെ ലീഗ് കപ്പ് മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. പ്രീക്വാർട്ടർ മത്സരങ്ങൾ ആകും ലീഗ് കപ്പിൽ നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരല്ലാം അടുത്ത ദിവസങ്ങളിൽ ഇറങ്ങുന്നുണ്ട്. പ്രധാന ക്ലബുകളിൽ ലോകകപ്പിന്റെ അവസാന റൗണ്ടുകളിൽ ഇറങ്ങിയ താരങ്ങൾ ഉണ്ടാകില്ല. അവർക്ക് ഒരാഴ്ച അധികം വിശ്രമം നൽകാൻ ക്ലബുകൾ ആലോചിക്കുന്നുണ്ട്.
പ്രീമിയർ ലീഗ് മത്സരങ്ങൾ ഡിസംബർ 26 മുതൽ ആരംഭിക്കും. ഇറ്റലിയിലെ മത്സരങ്ങൾ ജനുവരി 4 മുതൽ മാത്രമെ ആരംഭിക്കുകയുള്ളൂ. ലാലിഗ ഡിസംബർ 29നാണ് പുനരാരംഭിക്കുന്നത്. മെസ്സിയും നെയ്മറും എംബപ്പെയും കളിക്കുന്ന ഫ്രഞ്ച് ലീഗ് ഡിസംബർ 28ന് പുനരാരംഭിക്കും. ജർമ്മൻ ലീഗാണ് വലിയ ഇടവേളക്ക് ശേഷം ആരംഭിക്കുക. ജനുവരി 20ന് മാത്രമാണ് ബുണ്ടസ് ലീഗ പുനരാരംഭിക്കുന്നത്.