ബുണ്ടസ് ലീഗ ഇതിഹാസവും ബയേൺ മ്യൂണിക്ക് ലെജന്റുമായ ക്ലൗഡിയോ പിസ്സാറോ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ വേർഡർ ബ്രെമന്റെ താരമായ പിസ്സാറോ ഈ സീസണിന് ശേഷം താൻ ബൂട്ടഴിക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. 40കാരനായ പിസ്സാറോ ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോററാണ്.
പെറുവിയൻ താരമായ പിസ്സാറോ തന്റെ കരിയറിൽ ഉടനീളം ഒട്ടേറെ റെക്കോർഡുകൾ തകർക്കുകയും പുതിയവ എഴുതുകയും ചെയ്തിട്ടുണ്ട്. 2010ൽ ജിയോവാനി ഐബറിന്റെ റെക്കോർഡ് മറികടന്ന് ബുണ്ടസ് ലീഗയിൽ എറ്റവുമധികം ഗോൾ നേടുന്ന ജർമ്മൻകാരനല്ലാത്ത താരമായി പിസ്സാറോ. നിലവിൽ ബുണ്ടസ് ലീഗയിൽ 197 ഗോളുകളാണ് പിസ്സാറോ അടിച്ച് കൂട്ടിയത്. 17 ട്രോഫികളുമായാണ് പിസ്സാറോ ജർമ്മനിയിൽ ബൂട്ടഴിക്കുക. അതിൽ 16 എണ്ണവും ബയേൺ മ്യൂണിക്കിനൊപ്പം നേടിയവയാണ്. ചാമ്പ്യൻസ് ലീഗ് ഉയർത്തിയ ബയേൺ മ്യൂണിക്ക് സ്ക്വാഡിലും അംഗമായിരുന്നു പിസ്സാറോ.
ബുണ്ടസ് ലീഗയിൽ ഏറ്റവും അധികം ഗോൾ നേടിയ വിദേശ താരങ്ങളിൽ രണ്ടാമതാണ് പിസ്സാറോ. വെർഡർ ബ്രെമന് പുറമേ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക്, കോളോൻ എന്നീ ടീമുകൾക്കും പ്രീമിയർ ലീഗ് ടീമായ ചെൽസിക്കും വേണ്ടി പിസ്സാറോ ബൂട്ടണിഞ്ഞിട്ടുണ്ട്.