ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ഇനി രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കും. 16.25 കോടിക്കാണ് മോറിസിനെ റോയൽസ് സ്വന്തമാക്കിയത്. ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്. ക്രിസ് മോറിസിന് വേണ്ടി ശക്തമായ ലേലം തന്നെ ഇന്ന് നടന്നു. മുംബൈ ഇന്ത്യൻസും ആർ സി ബിയും പഞ്ചാബ് കിംഗ്സും രാജ്സ്ഥാൻ റോയൽസും തമ്മിൽ പോരാടി എങ്കിലും അവസാനം 16.25 കോടിക്ക് റോയൽസ് മോറിസിനെ സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ 10 കോടി നൽകി ആർ സി ബി സ്വന്തമാക്കിയ താരമായിരുന്നു മോറിസ്. മോറിസിനെ റിലീസ് ചെയ്ത തീരുമാനം ആർ സി ബിക്ക് തിരിച്ചടി ആയി മാറുന്നതാണ് ലേലത്തിൽ കണ്ടത്. മുമ്പ് ഡെൽഹി കാപിറ്റൽസിനു വേണ്ടിയും രാജസ്ഥാൻ റോയൽസിനു വേണ്ടിയും ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും ഐ പി എല്ലിൽ മോറിസ് കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ ഇതുവരെ 551 റൺസും 80 വിക്കറ്റുകളും മോറിസ് സ്വന്തമാക്കിയിട്ടുണ്ട്.