രണ്ട് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ വിധി എഴുതി ഛേത്രിയുടെ ഡൈവിംഗ് ഹെഡർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവയിൽ നടന്ന ഐ എസ് എൽ മത്സരത്തിൽ ലീഗിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ആവേശത്തിന് ഒട്ടും കുറവ് വന്നില്ല. രണ്ട് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ സുനിൽ ഛേത്രിയുടെ നിർണായക ഗോളിൽ ബെംഗളൂരു വിജയം ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി ഗോവയെ തോല്പ്പിച്ചത്. ജയത്തോടെ ബെംഗളൂരു പോയന്റിൽ ഒന്നാമതുള്ള എഫ് സി ഗോവയ്ക്ക് ഒപ്പമെത്തി.

കളിയുടെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു എങ്കിലും ഒരു തകർപ്പൻ ഗോൾ ബെംഗളൂരുവിന് ലീഡ് നൽകി. കളിയുടെ 33ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ആണ് ബെംഗളൂരുവിന് ആ ഗോൾ നേടിക്കൊടുത്തത്. ഒരു ഗംഭീര ബാക്ക് ഹീൽ ഫ്ലിക്കിലൂടെ ആണ് രാഹുൽ ബെഹ്കെ ഗോൾ നേടിയത്. ബെഹ്കെയുടെ കരിയറിലെ ആദ്യ ഐ എസ് എൽ ഗോളാണിത്. ഐ എസ് എല്ലിലെ തന്റെ 47ആം മത്സരത്തിലാണ് ബെഹ്കെയുടെ ആദ്യ ഗോൾ വന്നത്.

രണ്ടാം പകുതിയിൽ തിരിച്ചുവരാമെന്നാണ് ഗോവ കരുതിയത് എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ 10 പേരായി ചുരുങ്ങി. ഗോവയുടെ സെന്റർ ബാക്കായ മുഹമ്മദ് അലി രണ്ടാം മഞ്ഞകാർഡ് വാങ്ങി പുറത്ത് പോയതാണ് ഗോവയ്ക്ക് വിനയായത്. കളി ഗോവയ്ക്ക് കൈവിട്ടു പോവുകയാണ് എന്ന് തോന്നിയപ്പോൾ കളിയിലെ രണ്ടാമത്തെ ചുവപ്പ് കാർഡും വന്നു.

ഇത്തവണ ബെംഗളൂരു താരമാണ് ചുവപ്പ് കണ്ടത്. 59ആം മിനുട്ടിൽ ഒരു ഹൈ ബൂട്ടിന് ദിമാസ് ദെൽഗാഡോ ആണ് ഡയറക്ട് ചുവപ്പ് കണ്ടത്. റെഫറിയുടെ തീരുമാനം കടുത്തതായി എന്ന് തോന്നിപ്പോയി എങ്കിലും ആ കാർഡ് ഗോവയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 73ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്താൻ ഗോവയ്ക്കായി. കോറോയുടെ ഒരു പാസിൽ നിന്ന് ബ്രണ്ടൻ തൊടുത്ത ഷോട്ട് ജാക്കിചന്ദിൽ തട്ടി ഗോളായി മാറുകയായിരുന്നു.

പക്ഷെ ഹോം ടീമിന് അധിക സമയം ആശ്വസിച്ച് നിൽക്കാനായില്ല. നാലു മിനുറ്റുകൾക്കകം ഛേത്രി ബെംഗളൂരുവിനെ മുന്നിൽ എത്തിച്ചു. ഉദാന്തയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിങ് ഹെഡറിലൂടെ ആയിരുന്നു ഛേത്രിയുടെ ഗോൾ. സീസണിലെ ഛേത്രിയുടെ അഞ്ചാം ഗോളായിരുന്നു ഇത്. ആ ഗോൾ ബെംഗളൂരു ജയം ഉറപ്പിച്ചു.

ഇന്നത്തെ ജയത്തോടെ ബെംഗളൂരുവിന് ആറു മത്സരങ്ങളിൽ 16 പോയന്റായി. 16 പോയന്റ് തന്നെ ഉള്ള എഫ് സി ഗോവയാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ബെംഗളൂരുവിനെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ച ടീമാണ് എഫ് സി ഗോവ.