ചെന്നൈയിലും കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചെന്നൈ മറീന അരീനയിൽ നടന്ന ഐ എസ് എൽ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രം. സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മോശം ഫോമിൽ ആയിരുന്ന ചെന്നൈയിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മോശം പ്രകടനത്തിനാണ് ഇന്ന് ചെന്നൈ സാക്ഷ്യം വഹിച്ചത്.

ആദ്യ പകുതിയിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. തുടക്കത്തിൽ തന്നെ ആതിഥേയരായ ചെന്നൈയിൻ ലീഡ് എടുക്കുന്നതാണ് ഇന്ന് കണ്ടത്. നാലാം മിനുട്ടിൽ ഷെമ്പ്രി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്. എന്നാൽ ആ ഗോളിന് പെട്ടെന്ന് മറുപടി കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. 15ആം മിനുട്ടിൽ ക്യാപ്റ്റൻ ഒഗ്ബെചെയുടെ ഒരു ബുള്ളറ്റ് ലോങ് റേഞ്ചർ ആയിരുന്നു ചെന്നൈയിൻ വലയിൽ എത്തിയത്.

പിന്നാലെ 29ആം മിനുട്ടിൽ ചെന്നൈയിൻ വീണ്ടും ഗോൾ നേടി. വാൽസികിലൂടെ ആയിരുന്നു ഗോൾ. പക്ഷെ ആ ഗോളിനായി റഫറി അനുവദിച്ച ഫ്രീകിക്ക് തെറ്റായിരുന്നു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തിന് അവസാനം ആ ഗോൾ പിൻവലിച്ചു. പക്ഷെ അതിനു തൊട്ടു പിറകെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ വഴങ്ങി‌. ഇത്തവണ ചാങ്തെയാണ് ഗോൾ നേടിയത്.

ഈ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആത്മവീര്യം തകർത്തു കളഞ്ഞു. 39ആം മിനുട്ടിൽ വാൽസ്കിസിലൂടെ ചെന്നൈയിൻ മൂന്നാം ഗോളും നേടി. രെഹ്നേഷിന്റെ പിഴവിൽ നിന്നാണ് ആ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അങ്ങനെ ഒരു പോരാട്ടം ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് ഇന്ന് കാണാൻ ആയില്ല. ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു.