ഐപിഎലിന്റെ 12ാം സീസണില്‍ ഇനി ഫൈനല്‍ മാത്രം അവശേഷിക്കവെ തങ്ങള്‍ കളിച്ച 10 സീസണുകളില്‍ എട്ട് എണ്ണത്തിലും അതിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 6 വിക്കറ്റ് വിജയം കരസ്ഥമാക്കിയപ്പോള്‍ ഇത് എട്ടാം ഫൈനലിനാണ് ചെന്നൈ യോഗ്യത നേടിയത്. കോഴ വിവാദങ്ങളെ തുടര്‍ന്ന് രണ്ട് സീസണുകളില്‍ ടീം കളിച്ചിരുന്നില്ല. ബാക്കി എട്ട് തവണയും ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലില്‍ കടക്കുകയായിരുന്നു.
ഇതില്‍ മൂന്ന് തവണ ടീമിനു കപ്പ് സ്വന്തമാക്കുവാന്‍ സാധിച്ചു. ഇത്തവണ ഫൈനലില്‍ മുംബൈയ്ക്കെതിരെയാണ് ചെന്നൈ കളിയ്ക്കുവാനിറങ്ങുന്നത്. വിജയിക്കുന്ന ടീമിനു കിരീടം നാലാം തവണ സ്വന്തമാകും. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഫൈനലില്‍ കീഴടങ്ങിയ ചെന്നൈ 2010, 2011 സീസണുകളില്‍ ചാമ്പ്യന്മാരായി. മുംബൈയെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയുമാണ് ടീം ആ വര്‍ഷങ്ങളില്‍ പരാജയപ്പെടുത്തിയത്.
2012, 2013 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും യഥാക്രമം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും മുംബൈ ഇന്ത്യന്‍സിനോടും ടീം തോല്‍വിയേറ്റു വാങ്ങി. 2015ല്‍ വീണ്ടും മുംബൈ ചെന്നൈയെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷം വിലക്ക് കാരണം ചെന്നൈ ഐപിഎലില്‍ കളിച്ചിരുന്നില്ല.
2018ല്‍ മടങ്ങിയെത്തിയപ്പോള്‍ കിരീടം സ്വന്തമാക്കിയ ചെന്നൈ 2019ല്‍ വീണ്ടും ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്.