പ്രീമിയർ ലീഗ് അവസാനിക്കാൻ ഇനി ആറ് റൗണ്ട് മാത്രം ശേഷികെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആവേശമായി മാറുന്നു. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ചെൽസിയെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനും വോൾവ്സിനും ഒക്കെ പ്രതീക്ഷ തിരികെ വന്നിരിക്കുകയാണ്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം.
ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ വില്യന്റെ പെനാൾട്ടിയിലൂടെ ചെൽസി ആയിരുന്നു ലീഡ് എടുത്തത്. എന്നാൽ 2 മിനുട്ടുകൾക്കകം സൗസെകിന്റെ ഹെഡറിലൂടെ വെസ്റ്റ് ഹാം മറുപടി പറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ അന്റോണിയോയുടെ ഗോളിലൂടെ വെസ്റ്റ് ഹാം 2-1ന് മുന്നിലെത്തുകയും ചെയ്തു. എന്നാൽ വീണ്ടുൻ വില്യൻ ചെൽസിയുടെ രക്ഷയ്ക്ക് എത്തി. 72ആം മിനുട്ടിൽ ഒരു ഗംഭീര ഫ്രീകിക്ക് ചെൽസിയെ കളിയിലേക്ക് തിരികെയെത്തിച്ചു. പക്ഷെ വെസ്റ്റ് ഹാമിന്റെ പൊരുതൽ അവസാനിച്ചില്ല. കളിയുടെ 89ആം മിനുട്ടിൽ സബ്ബായി എത്തിയ യാർമലങ്കോ വെസ്റ്റ് ഹാമിന് വിജയം നൽകിയ മൂന്നാം ഗോൾ നേടി.
റിലഗേഷൻ പോരിൽ ഉള്ള വെസ്റ്റ് ഹാമിന് ഈ വിജയം വലിയ ഊർജ്ജം നൽകും. 32 മത്സരങ്ങളിൽ നിന്ന് 30 പോയന്റുമായി വെസ്റ്റ് ഹാം 16ആം സ്ഥാനത്തേക്ക് മുന്നേറി. 32 മത്സരങ്ങളിൽ 54 പോയന്റുള്ള ചെൽസി ഇപ്പോഴും നാലാമത് തുടരുകയാണ്. എന്നാൽ ചെൽസിസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോയന്റ് വ്യത്യാസം വെറും രണ്ട് പോയന്റായി കുറഞ്ഞു. യുണൈറ്റഡും വോൾവ്സും 52 പോയന്റുമായി ചെൽസിക്ക് തൊട്ടു പിറകിൽ ഉണ്ട്.