ലണ്ടൻ ഡാർബിയിൽ ഇന്ന് ഗുരുവും ശിഷ്യനും തമ്മിലുള്ള സൂപ്പർ പോരാട്ടം. പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഫ്രാങ്ക് ലാമ്പർഡ് പരിശീലിപ്പിക്കുന്ന ചെൽസിയും ജോസെ മൗറീനോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമും ഏറ്റുമുട്ടും. ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഇന്നത്തെ മത്സരം. ഇന്ന് ജയിക്കുന്ന ടീമിന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമെന്നിരിക്കെ ലണ്ടനിൽ ഇന്ന് പോരാട്ടം കനക്കും. അവസാനം നടന്ന മൂന്ന് മത്സരങ്ങളിൽ ടോട്ടൻഹാമിനെതിരെ ചെൽസിക്കായിരുന്നു വിജയം. എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന ടോട്ടൻഹാം ചെൽസിക്ക് കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് ഉറപ്പാണ്.
ചെൽസി നിരയിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന ക്രിസ്ത്യൻ പുലിസിച്ച് ഇന്ന് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം താരം പകരക്കാരുടെ ബെഞ്ചിൽ നിന്നാവും മത്സരം തുടങ്ങുക. ടോട്ടൻഹാം നിരയിൽ സെന്റർ ബാക് ടോബി ആൽഡർവെയർഡ് ഇല്ലാതെയാവും ഇറങ്ങുക. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തിന് പകരം മത്സരത്തിൽ ഇറങ്ങിയ ജോ റോഡൻ തന്നെയാവും ഇന്നത്തെ മത്സരത്തിലും ഇറങ്ങുക. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികച്ച പ്രതിരോധം തീർക്കുന്ന ചെൽസിക്ക് വെല്ലുവിളി നൽകാൻ ഹാരി കെയ്‌നിനും സോണിനും കഴിയുമോ എന്നതിനെ ആശ്രയിച്ചാവും ഇന്നത്തെ മത്സരം ഫലം.