ചെൽസിയിൽ പുതിയ പരിശീലകൻ സാറിക്ക് വിജയ തുടക്കം. ഇന്ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെ എവേ മത്സരത്തിൽ നേരിട്ട ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ചെൽസി ഗോൾകീപ്പർ കെപെയുടെയും മിഡ്ഫീൽഡർ ജോർഗീഞ്ഞോയുടെയും പ്രീമിയർ ലീഗ് അരങ്ങേറ്റവും ഇന്ന് നടന്നു.
സാറിയുടെ നാപോളി കാലഘട്ടത്തിലെ പാസിംഗ് മികവിന് സമയമെടുക്കും എങ്കിലും ഇന്ന് ചെൽസി ശുഭ സൂചനകൾ മാത്രമാണ് നൽകിയത്. പതിയെ തുടങ്ങിയ ചെൽസി കാന്റെയുടെ ഗോളിലൂടെ ആണ് ആദ്യ മുന്നിൽ എത്തിയത്. 34ആം മിനുട്ടിൽ വലതു വിങ്ങിലൂടെ വില്ല്യൻ നടത്തിയ മുന്നേറ്റത്തിനൊടിവിൽ കൊടുത്ത ക്രോസ് കാന്റെ വലയിൽ എത്തിക്കുകയായിരുന്നു. കാന്റെയും നാലാം പ്രീമിയർ ലീഗ് ഗോൾ മാത്രമാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ജോർഗീഞ്ഞോ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഹസാർഡ്, ക്രിസ്റ്റ്യൻസൺ, മോസസ് തുടങ്ങിവരെ ബെഞ്ചിൽ ഇരുത്തി മത്സരം തുടങ്ങിയാണ് ചെൽസി ഈ ആധിപത്യം പിച്ചിൽ കാണിച്ചത്. അവസാന നിമിഷങ്ങളിൽ സബ്ബായി ഇറങ്ങിയ ഹസാർഡ് ഒരുക്കിയ മികച്ചൊരു അവസരം വലയിൽ എത്തിച്ച് പെഡ്രോ ചെൽസി വിജയം ഉറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial